ശബരിമല: ആചാരങ്ങളിൽ ഇടപെടില്ല, സ്ത്രീകളുടെ മൗലികാവകാശം ഉറപ്പാക്കും -സർക്കാർ

കൊച്ചി: ശബരിമലയിൽ സ്ത്രീകളുടെ മൗലികാവകാശം ഉറപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ചു. വിശ്വാസികള ുടെ സുരക്ഷ സർക്കാറിന്‍റെ ഉത്തരവാദിത്വമാണെന്നും ആചാരകാര്യങ്ങളിൽ ഇടപെട്ടിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. ശബരിമലയിൽ ആചാരങ്ങൾക്ക് സുരക്ഷയുടെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന് ചൂണിക്കാട്ടിയുള്ള ഹരജിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

ശബരിമലയിലെ ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ സർക്കാർ ഇതുവരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടാൻ ഉദ്ദേശിക്കുന്നുമില്ല. എന്നാൽ, കേന്ദ്രസർക്കാർ നിർദേശം നൽകിയ സാഹചര്യത്തിൽ ശബരിമലയിലെ സുരക്ഷ സംസ്ഥാന സർക്കാറിന് നിർബന്ധമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ചില തീവ്രസംഘങ്ങൾ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനനുസരിച്ചുള്ള സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തത്. ആചാരത്തിൽ ഇടപെടാൻ മുഖ്യമന്ത്രി ദേവസ്വം ബോർഡ് അടക്കമുള്ളവർക്ക് നിർദേശം നൽകിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

10നും 50നും ഇടയിലുള്ള യുവതികളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ബാധ്യതയും സർക്കാറിനുണ്ട്. ശബരിമലയുടെ വികസനത്തിന് കോടികളാണ് സർക്കാർ ചെലവഴിക്കുന്നത്. എന്നാൽ, ചില രാഷ്ട്രീയ പാർട്ടികൾ അവരുടെ താൽപര്യം മുൻനിർത്തിയുള്ള അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

മാധ്യമങ്ങളെ നിയന്ത്രിച്ച സാഹചര്യം ഇപ്പോഴില്ല. അതിനാൽ ഹരജി പ്രസക്തമല്ല. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതടക്കം പുതിയ സാഹചര്യങ്ങൾ ഉണ്ടായാൽ ഹരജിക്കാരന് കോടതിയെ സമീപിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി. തുടർന്ന് മാധ്യമങ്ങളെ നിയന്ത്രിച്ചത് ചൂണ്ടിക്കാട്ടി സ്വകാര്യ ചാനൽ നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി. മറ്റ് നാലു ഹരജികൾ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.


Tags:    
News Summary - Sabarimala Women Entry High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.