എൻ. വാസു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമീഷണറുമായ എൻ. വാസു അറസ്റ്റിൽ. ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിൽ മൂന്നാം പ്രതിയാണ്.
ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വാസുവിനെ അറസ്റ്റ് ചെയ്തത്. വാസു ദേവസ്വം കമീഷണറായിരുന്ന സമയത്ത് സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാസുവിന്‍റെ അറസ്റ്റ്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് സുധീഷ് കുമാർ, മുൻ തിരുവാഭരണം കമീഷണർ കെ.എസ്. ബൈജു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വൈദ്യ പരിശോധനക്കു വിധേയനാക്കിയശേഷം വാസുവിനെ റാന്നി കോടതിയിൽ ഹാജരാക്കും.
രണ്ടു തവണ ദേവസ്വം കമീഷണറായിരുന്നു. എല്ലാം വാസു അറിഞ്ഞുകൊണ്ടാണെന്നാണ് മുരാരി ബാബുവും സുധീഷും മൊഴി നൽകിയിരിക്കുന്നത്. കേസിലെ പ്രതികളുടെ മുൻകാല പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്രകളുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തങ്ങൾക്കൊന്നും മറച്ചുവെക്കാനില്ലെന്ന മുൻനിലപാട് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റിയും കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റും സംയുക്തമായി നടത്തുന്ന മീറ്റ് ദ പ്രസ് പരമ്പര ‘തദ്ദേശ തന്ത്രത്തിൽ’ സംസാരിക്കവെ സ്വർണക്കൊള്ളയിൽ സി.പി.എം പ്രതിനിധികൂടിയായ മുൻ ദേവസ്വം പ്രസിഡന്‍റ് എൻ. വാസു അറസ്റ്റിലായത് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. ഉദ്യോഗസ്ഥനല്ലെ അറസ്റ്റിലായതെന്ന് പറഞ്ഞ് അദ്ദേഹം ചോദ്യത്തിൽ നിന്നൊഴിഞ്ഞുമാറുകയും ചെയ്തു.
ഹൈകോടതി മേൽനോട്ടത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അയ്യപ്പന്‍റെ ഒരുതരി സ്വർണവും കക്കാനോ മാറ്റാനോ പാടില്ല. ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ആരെയും സംരക്ഷിക്കാനും ആർക്കുവേണ്ടിയും അരവർത്തമാനം പറയാനും ഞങ്ങളില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.