ശബരിമല സ്വര്‍ണക്കൊള്ള: രേഖകള്‍ കൈമാറാതെ ദേവസ്വം ഉദ്യോഗസ്ഥരുടെ ഒളിച്ചുകളി

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് രേഖകള്‍ കൈമാറാതെ ദേവസ്വം ഉദ്യോഗസ്ഥരുടെ ഒളിച്ചുകളി. 1998- 99കാലത്ത് ശബരിമല ശ്രീകോവിലിന്‍റെ മേൽക്കൂരയടക്കം വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണസംഘം തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കൈമാറാത്തത്. ഇതോടെ രേഖകൾ നൽകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്വേഷണസംഘം മുന്നറിയിപ്പ് നൽകി. ഇനി സാവകാശം നല്‍കാനാകില്ലെന്നും ഉടന്‍ ലഭ്യമാക്കണമെന്നും അന്വേഷണസംഘം എക്‌സിക്യൂട്ടീവ് ഓഫിസറെയും ദേവസ്വം കമീഷണറെയും അറിയിക്കുകയും ചെയ്തു.

വിജയ് മല്യ ശ്രീകോവിൽ സ്വർണം പൊതിഞ്ഞ കാലത്ത് ഈ ജോലികളുടെ ചുമതല ദേവസ്വം മരാമത്ത് വിഭാഗത്തിനായിരുന്നു. ഈ ഫയലുകളാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. മഹസർ അടക്കമുള്ളവയും ഹാജരാക്കാൻ നിർദേശിച്ചിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ചില ഫയലുകൾ ദേവസ്വം വിജിലൻസ് ശേഖരിച്ചിരുന്നു. ഇതിൽനിന്നാണ് ദ്വാരപാലക ശിൽപ പാളികളിലടക്കം പൂശിയ സ്വർണത്തിന്‍റെ അളവ് ദേവസ്വം വിജിലൻസിന് ലഭിച്ചത്. ഇവ പ്രത്യേക അന്വേഷണ സംഘത്തിന് വിജിലൻസ് കൈമാറിയിരുന്നു. ഇതിന്‍റെ തുടർച്ചയായുള്ള മറ്റ് രേഖകളാണ് പുതിയതായി ആവശ്യപ്പെട്ടത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല. ഇതിനായി എക്‌സിക്യുട്ടീവ് ഓഫിസറുടെയും ദേവസ്വം കമീഷണറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും സന്നിധാനത്തും ആറന്മുളയിലുമുൾപ്പെടെ പരിശോധന നടത്തിയെങ്കിലും രേഖകള്‍ ലഭിച്ചില്ല. ഇതോടെ രേഖകള്‍ നശിപ്പിച്ചെന്ന സംശയങ്ങളും ഉയരുന്നുണ്ട്. എന്നാൽ, അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല.

പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ള കേസിൽ റാന്നി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്‌.ഐ.ടി) കസ്റ്റഡിയിൽ വിട്ട രണ്ടാം പ്രതിയും മുൻ അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഓഫിസറുമായ മുരാരി ബാബുവിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചു.

മുരാരി ബാബുവിനെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യും. ഇരുവരെയും ഒരുമിച്ച് തെളിവെടുപ്പിനും കൊണ്ടുപോയേക്കും. അടുത്ത 30 വരെയാണ് പോറ്റിയുടെ കസ്റ്റഡി കാലാവധി. മുരാരി ബാബുവും മറ്റുള്ളവരുമായുള്ള ഗൂഢാലോചന കണ്ടെത്തുക, പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്ന് പരിശോധിക്കുക ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കാനുണ്ടെന്ന് കാണിച്ചാണ് അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പ്രതിഭാഗം ജാമ്യാപേക്ഷ നൽകിയിട്ടില്ല. കോടികളുടെ ഭൂമി ഇടപാടിന്റെയും പലിശക്ക് പണം നൽകിയതിന്റെയും തെളിവുകൾ പ്രത്യേക അന്വേഷണം സംഘത്തിന് ലഭിച്ചിട്ടുണ്ട്.

പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷണ സംഘം വിശദ പരിശോധന ആരംഭിച്ചു. അതിനിടെ, ആവശ്യപ്പെടുന്ന രേഖകൾ നൽകാതെ ദേവസ്വം ബോർഡ് അന്വേഷണം അട്ടിമറിക്കാൻ നീക്കം തുടങ്ങി. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്‌.ഐ.ടി മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Sabarimala gold theft: Devaswom officials hide without handing over documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.