എം. ഷിബു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും ഭരണസമിതിയും കൂടി പ്രതിപ്പട്ടികയിലായതോടെ പ്രതിരോധിക്കാൻ പിടിവള്ളിയില്ലാതെ സി.പി.എം. കേസിൽ പ്രതിയാകുന്ന ഇടതുഭരണകാലത്തെ രണ്ടാമത്തെ ദേവസ്വം പ്രസിഡന്റും ഭരണസമിതിയുമെന്നതാണ് സി.പി.എമ്മിനെ ഉത്തരം മുട്ടിക്കുന്നത്. ആദ്യം പ്രതിയായ എ. പത്മകുമാറിന്റെ കാര്യത്തിൽ, ‘അടിയന്തര സാഹചര്യം കണക്കിലെടുത്ത് നടപടിയുണ്ടാകാതിരുന്നത് പോരായ്മയാണെന്ന്’ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പാർട്ടി സ്വയംവിമർശനം നടത്തുമ്പോഴാണ് പ്രശാന്ത് കൂടി പ്രതിപ്പട്ടികയിൽ വരുന്നത്. ശബരിമല പോലുള്ള വൈകാരികവും വിശ്വാസപരവുമായ വിഷയത്തിൽ തുടർച്ചയായി പ്രതിരോധത്തിലാകുന്നത് വിശദീകരിക്കുന്നതിലും പ്രതിസന്ധിയുണ്ട്. ഇടത് ഭരണകാലത്തെ തുടർച്ചയായ രണ്ട് ബോർഡുകൾ പ്രതിപ്പട്ടികയിലായതോടെ ‘ഒറ്റപ്പെട്ട സംഭവം’ എന്ന ന്യായവാദങ്ങൾ കൊണ്ടും പിടിച്ചുനിൽക്കാനാവില്ല. തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്ന് പറയുന്നെങ്കിലും പത്മകുമാറിനെതിരായ നടപടി അനിശ്ചിതമായി നീണ്ടതിലും സസ്പെൻഷനിൽ പരിമിതപ്പെടുത്തിയതിലുമടക്കം പാർട്ടി ചോദ്യമുനയിലാണ്. ജയിൽമോചിതനായ ശേഷം പത്മകുമാർ തന്റെ രാഷ്ട്രീയജീവിതവും ദേവസ്വം ബോർഡ് പ്രസിഡന്റ് പദവിയിലെ അനുഭവങ്ങളും ഉൾപ്പെടുത്തി ആത്മകഥയെഴുതാൻ തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഈ ഘട്ടത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുംവിധം യുവതീപ്രവേശനം മുതൽ സ്വർണക്കൊള്ള വരെയുള്ള വിവാദങ്ങളിലെ പത്മകുമാറിന്‍റെ തുറന്നെഴുത്തിന് തടയിടാനാണ് അച്ചടക്ക നടപടി മയപ്പെടുത്തിയതെന്നാണ് ആരോപണം.
പ്രശാന്തിന്റെ കാര്യത്തിൽ പാർട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്നതും പ്രധാനമാണ്. പത്മകുമാറിന്റെ കാര്യത്തിലേതുപോലെ കേസിന്റെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി നടപടി നീട്ടുമോ, അതോ തെരഞ്ഞെടുപ്പ് അവലോകനത്തിലെ സ്വയംവിമർശനത്തിന്റെ ചൂടിൽ ഉടൻ നടപടിയിലേക്ക് കടക്കുമോ എന്നത് കണ്ടറിയണം. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായി പാലോട് രവിയെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ചാണ് കെ.പി.സി.സി സെക്രട്ടറിയായിരുന്ന പ്രശാന്ത് കോൺഗ്രസുമായി ഇടയുകയും പിന്നാലെ 2021ൽ പാർട്ടി വിട്ട് സി.പി.എമ്മിൽ ചേരുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.