കൊച്ചി: വായ്പ കുടിശികയുടെ പേരിൽ കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കേരള ഫിനാൻഷ്യൽ കോർപറേഷൻ 9.18 കോടിക്ക് ലേലം ചെയ്തത് ഹൈകോടതി റദ്ദാക്കി. ലേല വിൽപനയുടെ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പുനർമൂല്യനിർണയം നടത്തി ആറു മാസത്തിനകം വീണ്ടും ലേലം ചെയ്യാൻ ഹൈകോടതി നിർദേശിച്ചു.
കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്‍റിനടുത്ത് ഫോക്കസ് മാളിനോട് ചേർന്നുള്ള 40.06 സെൻറ് സ്ഥലവും (16.21 ആർ) കെട്ടിടവും കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി.) ലേലം ചെയ്ത നടപടിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
അടിമുടി വിവാദമായ നടപടിയായിരുന്നു വസ്തുലേലം. ഇതിന്റെ സാമാന്യ വിലയായാണ് 30 കോടി കണക്കാക്കിയിരുന്നത്. വിപണി വില ഇതിനേക്കാൾ എത്രയോ കൂടുതൽ വരും. ഇത്രയും വിലയുള്ള കെട്ടിടവും സ്ഥലവുമാണ് മൂന്നിലൊന്ന് തുകയ്ക്ക് വിൽപന നടത്തിയത്. അന്നത്തെ കെഎഫ്സിയുടെ മാനേജിങ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി അടക്കമുള്ള ആളുകളിലേക്ക് വിജിലൻസ് അന്വേഷണം നീണ്ടിരുന്നു. ഏറെ വിവാദമായ ശേഷമാണ് ഇത് കോടതി കയറിയത്.
2014ലാണ് നഗരത്തിലെ കണ്ണായ സ്ഥലത്ത് 40 സെന്റ് ഭൂമിയിൽ കെട്ടിടം പണിയുന്നതിന് വേണ്ടി കോഴിക്കോട് പേൾ ഹിൽ ബിൽഡേഴ്സ് ഉടമ കൂടിയായ കോഴിക്കോട് സ്വദേശി അബ്ദുൽ നാസർ കെഎഫ്സിയെ സമീപിച്ചത്. ഇദ്ദേഹം 4.89 കോടി രൂപ വായ്പ എടുത്തു. 50,000 സ്ക്വയർ ഫീറ്റ് ഉള്ള കെട്ടിടം നിർമിക്കുന്നതിന് വേണ്ടിയാണ് വായ്പ എടുത്തിരുന്നത്. 10 വർഷമായിരുന്നു കാലാവധി. എന്നാൽ, ഇടക്കുവെച്ച് തിരിച്ചടവ് മുടങ്ങി. ഇതോടെ 2019 ലാണ് സ്ഥലവും കെട്ടിടവും ഏറ്റെടുക്കാനും അത് ലേലം ചെയ്യാനും കെഎഫ്സി നടപടി ആരംഭിച്ചത്. എന്നാൽ, അടിമുടി ദുരൂഹമായിരുന്നു തുടർന്നുള്ള കാര്യങ്ങൾ.
കെട്ടിട ഉടമയെ വേണ്ടത്ര കേൾക്കാനോ സാവകാശം അനുവദിക്കാനോ തുക തിരിച്ചടയക്കുന്നതിന് സാവകാശം അനുവദിക്കാനോ കെഎഫ്സി തയ്യാറായിരുന്നില്ല. തുടർന്ന് കുറഞ്ഞ വിലക്ക് കെട്ടിടം ലേലത്തിന് വെച്ചു. രണ്ടു പേരാണ് ലേലത്തിൽ പങ്കെടുത്തത്. കൊല്ലം സ്വദേശിയായ അനിൽ കുമാർ എന്നയാൾക്ക് ലേലം ഉറപ്പിച്ചു. 9.18 കോടിക്കായിരുന്നു ലേലം തുക ഉറപ്പിച്ചത്. എന്നാൽ കെട്ടിടം രജിസ്റ്റർ ചെയ്തു നൽകിയത് അദ്ദേഹത്തിനല്ല. ലേലം ലഭിക്കാതെ പോയ രണ്ടാമന്റെ മകൻ ഉൾപ്പെടെ നാലുപേർക്കാണ് അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം കെട്ടിടം രജിസ്റ്റർ ചെയ്തു നൽകിയത്. അതിൽ തന്നെ ദുരൂഹത ഉണ്ടായിരുന്നു.
ലേലത്തുകയുടെ 25 ശതമാനം ഒരാഴ്ചക്കുള്ളിൽ അടയക്കണം എന്നതായിരുന്നു നിബന്ധന. അത് ലേലം വിളിച്ചവർ പാലിച്ചില്ല. മാത്രമല്ല, ലേലത്തുകയിൽ 4.18 കോടി രൂപ മാത്രമാണ് ലേലം പിടിച്ചവർ അടച്ചത്. അഞ്ചു കോടി രൂപ കെഎഫ്സി തന്നെ ഇവർക്ക് വായ്പ്പയായി അനുവദിക്കുകയായിരുന്നു. ഇതെല്ലാം കെ.എഫ്.സി അധികൃതരുടെ ഒതുകളിയിലേക്കാണ് വിരൽ ചൂണ്ടിയത്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെട്ടിട ഉടമ തന്നെ പിന്നീട് കോടതിയെ സമീപിച്ചു. ഇതിലാണ് ഇപ്പോൾ ഈ വിധി വന്നിരിക്കുന്നത്. ആറു മാസത്തിനകം വീണ്ടും പുനർമൂല്യനിർണയ നടത്തി കെട്ടിടം വീണ്ടും ലേലം ചെയ്യണം എന്നാണ് കോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.