കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരായ ഹരജിയിൽ ഹൈകോടതി നോട്ടീസ്. കേസിലെ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സർക്കാറും ഇ.ഡിയും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ഹരജി ജൂലൈ 13ന് പരിഗണിക്കാൻ മാറ്റി.
പബ്ലിക് പ്രോസിക്യുട്ടർ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞതാണ് പ്രതിക്ക് ജാമ്യം കിട്ടാനിടയായതെന്നടക്കം ചൂണ്ടിക്കാട്ടിയാണ് സർക്കാറിന്റെ ഹരജി. ഇ.ഡി.ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പ്രതിയുടെ മൊബൈൽ ഫോണിന്റെ ഫോറൻസിക് റിപ്പോർട്ടടക്കം ലഭിക്കാനുണ്ട്. എന്നാൽ, അന്വേഷണം പൂർത്തിയായെന്ന തരത്തിലാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ വാദമെന്നും ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി വാദിച്ചു.
ഇ.ഡി.ഉദ്യോഗസ്ഥരെ ആക്രമിച്ച വടി കണ്ടെടുക്കാനായില്ലെങ്കിലും അന്വേഷണം ഏറെ മുന്നോട്ടു പോയതിനാൽ പ്രതിയെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ തിരുവനന്തപുരം സെഷൻസ് കോടതിയിൽ അറിയിച്ചത്. എന്നാൽ, ഈ വാദങ്ങൾ തെറ്റായിരുന്നുവെന്ന് പി.പിയെ തന്നെ എതിർ കക്ഷിയാക്കിയ സർക്കാറിന്റെ ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.