മലപ്പുറം: മലയോര റൂട്ടുകളിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ സുരക്ഷപരിധി ലംഘിച്ച് ഇരട്ടിയോളം യാത്രക്കാരെ കുത്തിനിറച്ച് സർവിസ് നടത്തുന്നത് പതിവാകുന്നു. സുരക്ഷപരിധി 64 ആണെങ്കിലും പ്രിയദർശിനി സർവിസുകൾ വന്നതോടെ 120ലധികം പേരെ കയറ്റേണ്ട അവസ്ഥയാണ് പല ബസുകളിലും.
15 വർഷത്തിലധികം പഴക്കമുള്ള ബസുകൾ വീതി കുറഞ്ഞ മലയോര റോഡുകളിലൂടെ ഇത്തരത്തിൽ സർവീസ് നടത്തുന്നത് അപകടകരമാണ്. മലക്കപ്പാറ, നെല്ലിയാമ്പതി, മൂന്നാർ, ഗവി എന്നിവിടങ്ങളിലെല്ലാം റോഡുകളുടെ വീതിക്കുറവും യാത്രക്കാരുടെ എണ്ണം വർധിക്കുന്നതും ബസുകളെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 7.55 ന് ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് പുറപ്പെട്ട ആർ.എൻ.ഇ 276 നമ്പർ ബസിൽ ചാലക്കുടി സ്റ്റാൻഡിൽ നിന്ന് തന്നെ 95 ലധികം പേർ കയറിയിരുന്നു. തുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിയെത്തിയപ്പോൾ വീണ്ടും ആളുകൾ കയറിയതോടെ 120 ലധികം യാത്രക്കാരുമായാണ് സർവീസ് പൂർത്തിയാക്കിയത്.
മോട്ടോർ വാഹന ചട്ട പ്രകാരം 51 സീറ്റിങ്ങും 25 ശതമാനം സ്റ്റാൻഡിങ്ങുമുൾപ്പെടെ പരമാവധി 64 പേർക്ക് മാത്രം യാത്ര ചെയ്യാവുന്നിടത്താണിത്. ദുർഘടമായ മലയോര പാതയിലൂടെ അമിതഭാരം കയറ്റി സർവീസ് നടത്തുന്നത് വൻ ദുരന്തത്തിന് കാരണമായേക്കാം. കാലവർഷം കനത്തതോടെ റോഡിന്റെ വശങ്ങൾ ഇടിയാനും വണ്ടി തെന്നിമാറാനുമുള്ള സാധ്യത കൂടുതലാണെന്നും ഇത് ഗുരുതര സുരക്ഷ വീഴ്ചയാണെന്നും കാണിച്ച് സ്വതന്ത്ര ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ ഗതാഗതമന്ത്രിക്കും കെ.എസ്.ആർ.ടി.സി സി എം.ഡിക്കും കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.