‘ശേഷാദ്രിനാഥന്റെ സംഘ്പരിവാർ ബന്ധം: ഒളിക്കാൻ ഒന്നുമില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്ന് എന്തിന് അപ്രത്യക്ഷനായി? -പി.എം. നിയാസ്

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി സർക്കാർ നിർദേശിച്ച എൻ. ശേഷാദ്രിനാഥന്റെ സംഘ്പരിവാർ ബന്ധം ആവർത്തിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്. അദ്ദേഹത്തിന് ഒളിക്കാൻ ഒന്നുമില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്ന് എന്തിനാണ് പെട്ടെന്ന് അപ്രത്യക്ഷനായതെന്ന് നിയാസ് ചോദിച്ചു. സംഘ്പരിവാർ ബന്ധമുള്ള വ്യക്തിയെയാണ് സുപ്രധാന പദവിയിലേക്ക് പരിഗണിക്കുന്നതെന്നും ഇത് ബി.ജെ.പിക്ക് അനുകൂലമായ രീതിയിൽ വാർഡ് വിഭജനം അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും നിയാസ് ആരോപിച്ചിരുന്നു. ഈ നീക്കം അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കും കോൺഗ്രസ് ഹൈക്കമാൻഡിനും കത്ത് നൽകി.

‘കേരളത്തിലെ ഏറ്റവും സുപ്രധാന പദവിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പദവി. മറ്റൊരു പദവിയും പോലെയല്ല അത്. ഒരിക്കൽ ഗവർണർ ഒപ്പുവെച്ചാൽ പിന്നെ അദ്ദേഹത്തെ അഞ്ചു വർഷത്തേക്ക് ഒരാൾക്കും മാറ്റാൻ കഴിയില്ല. ഇമ്പീച്ച്മെന്റ് നടപടിയുമായി മുന്നോട്ടു പോകേണ്ടിവരും. ആ സുപ്രധാന പദവിയിലേക്ക് സംഘപരിവാർ ബന്ധമുള്ള ഒരു വ്യക്തിയെ നിയമിക്കുന്നത്. കഴിഞ്ഞ 15 വർഷക്കാലത്തെ അദ്ദേഹത്തിന്റെ സമൂഹ മാധ്യമ ഇടപെടലുകൾ പോലും ഇത് ബോധ്യപ്പെടുത്തുമെന്ന് ഞാൻ പത്രങ്ങൾക്ക് മുമ്പാകെ പറഞ്ഞതാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളും അപ്രത്യക്ഷമായിരിക്കുകയാണ്. അദ്ദേഹം ഞങ്ങളുടെ കൂടെ അല്ല എന്നാണ് പല ബിജെപി കേന്ദ്രങ്ങളും പറയുന്നത്. ഒളിക്കാൻ ഒന്നുമില്ലെങ്കിൽ, കൈ ശുദ്ധമാണെങ്കിൽ, എന്തുകൊണ്ട് ശേഷാദ്രിനാഥന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പൂർണമായി അപ്രത്യക്ഷമായിരിക്കുന്നു?’ -നിയാസ് ചോദിച്ചു.

‘ആഭ്യന്തരമന്ത്രിയെ കണ്ട് ഇന്ന് ഞാൻ ഒരു വലിയ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വർഷക്കാലമായി ജില്ലാ ജഡ്ജിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നയാളാണ് ശേഷാദ്രിനാഥൻ. ലക്ഷദ്വീപിൽ അടക്കം സേവനംചെയ്ത അദ്ദേഹത്തിൻറെ പ്രവർത്തികളെ കുറിച്ചും കഴിഞ്ഞകാല സമൂഹമാധ്യമ ഇടപെടലുകളെ കുറിച്ചും ബന്ധങ്ങളെകുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കുവാനും, അവയുടെ കോപ്പി ഇതൊന്നും ബോധ്യപ്പെടാത്ത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നൽകുവാനുമാണ് ഞാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ജില്ല ജഡ്ജിയെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് എല്ലാ വർഷവും മാസവും ദിവസവും ഉണ്ടാകുന്നതാണ്. ആ ഇന്റലിജൻസ് റിപ്പോർട്ടും കെ എം ഷാജിക്ക് നൽകണം എന്നാണ് ഞാൻ ആവശ്യപ്പെട്ടത്. അങ്ങനെയെങ്കിലും വകുപ്പ് മന്ത്രിക്ക് കാര്യങ്ങൾ ബോധ്യപ്പെടട്ടെ.

കണ്ണുള്ളവർ എല്ലാം കാണുന്നു. പക്ഷേ, കാണേണ്ടവർ കാണുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ആഭ്യന്തര മന്ത്രിയോട് ഈ കാര്യങ്ങളെല്ലാം ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ ഇന്ന് കാണാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന് ഈ കാര്യങ്ങൾ ബോധ്യപ്പെടും എന്നാണ് എന്റെ വിശ്വാസം.

എനിക്ക് വേണ്ടിയല്ല, കേരളത്തിലെ യുഡിഎഫ് പ്രസ്ഥാനത്തിനും കോൺഗ്രസ് പ്രസ്ഥാനത്തിനും വേണ്ടി, നിയമാനുസൃതമായ വഴിയിലൂടെ കെപിസിസി പ്രസിഡന്റിനും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ള വർക്കിംഗ് കമ്മിറ്റി മെമ്പർമാർക്കുമാണ് ഞാൻ പരാതി നൽകിയിട്ടുള്ളത്. ആ പരാതിയിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്റെ അറിവനുസരിച്ച് നിയമനം തൽക്കാലം ഹോൾഡ് ചെയ്തിരിക്കുകയാണ്. ഏതായാലും ഇക്കാര്യത്തിൽ പരിശോധന ഉണ്ടാകും.

ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾ പൂർണമായി ബോധ്യപ്പെട്ടാൽ സർക്കാർ ഇക്കാര്യത്തിൽ തിരുത്തൽ നടത്തുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയിൽ പാർട്ടിക്കും എനിക്കും 100 ശതമാനവും വിശ്വാസമുണ്ട്. ആ വിശ്വാസം അദ്ദേഹം നിലനിർത്തുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്’ -നിയാസ് പറഞ്ഞു.

നിയമനം നടത്തുമ്പോൾ ശേഷാദ്രിനാഥന്റെ രാഷ്ട്രീയ പശ്ചാത്തലം സർക്കാർ മുഖവിലക്കെടുത്തില്ലെന്നാണ് പ്രധാന വിമർശനം. വിദ്യാർഥി കാലഘട്ടത്തിൽ എസ്.എഫ്.ഐ നേതാവായിരുന്ന ഇദ്ദേഹം പിന്നീട് സംഘ്പരിവാർ പാളയത്തിലേക്ക് അടുക്കുകയായിരുന്നുവെന്ന് പി.എം. നിയാസ് ഹൈകമാൻഡിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലാത്ത, എന്നാൽ വ്യക്തമായ രാഷ്ട്രീയ ചായ്‌വുള്ള ഒരാളെ ഇത്തരം നിർണായക തസ്തികയിൽ നിയമിക്കുന്നത് സർക്കാറിന്റെ കടുത്ത കെടുകാര്യസ്ഥതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാൻ സർക്കാർ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണറുടെ അംഗീകാരത്തിനായി ശിപാർശ അയക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയമന നടപടികൾ റദ്ദാക്കണമെന്ന ശക്തമായ ആവശ്യവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിഷയം വലിയ രാഷ്ട്രീയ വിവാദമായി മാറാനാണ് സാധ്യത.

അതേസമയം, എന്‍. ശേഷാദ്രിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട് നിയാസ് ഉന്നയിച്ച വിമർശനങ്ങളെ പൂർണമായും തള്ളി മന്ത്രി കെ.എം. ഷാജി രംഗത്തെത്തി. ഒരാൾ വിശ്വാസിയാകുന്നത് തെറ്റായ കാര്യമല്ലെന്നും അദ്ദേഹത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണ് സർക്കാർ നിയമനം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ വകുപ്പ് നൽകിയ ശുപാർശ സർക്കാർ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്ന് ഷാജി വിശദീകരിച്ചു. ശേഷാദ്രിനാഥന്റെ യോഗ്യതകളും പശ്ചാത്തലവും കൃത്യമായി പരിശോധിച്ചിട്ടുണ്ട്. അദ്ദേഹം തികച്ചും യോഗ്യനാണെന്നും, ഒരു വിശ്വാസിയാകുന്നത് അപകടകരമായ കാര്യമായി താൻ കാണുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, നിയാസ് ഇത്തരമൊരു പരാതി ഉന്നയിച്ചതായി തനിക്കറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാൽ, നിയമനം സംബന്ധിച്ച തന്റെ പരാതി പാർട്ടി പ്രസിഡന്റിനോടാണ് ബോധിപ്പിച്ചതെന്നും അല്ലാതെ മന്ത്രി കെ.എം. ഷാജിയോടല്ലെന്നും പി.എം. നിയാസ് മറുപടി നൽകി. താൻ കെ.എസ്.യു ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് എസ്.എഫ്.ഐ നേതാവായിരുന്ന ശേഷാദ്രിനാഥ്, നിലവിൽ തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള വിശ്വാസിയാണെന്ന് നിയാസ് ആരോപിച്ചു. അദ്ദേഹത്തിന്റെ മുൻകാല സോഷ്യൽ മീഡിയ പോസ്റ്റുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പാർട്ടി അറിയാതെയോ അറിഞ്ഞോ തെറ്റിദ്ധാരണയുടെ പുറത്തോ സംഭവിച്ച തെറ്റുകൾ തിരുത്താനാണ് ഒരു കെ.പി.സി.സി ഔദ്യോഗിക ഭാരവാഹി എന്ന നിലയിൽ താൻ ശ്രമിച്ചതെന്നും നിയാസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - If Sheshadrinathan has nothing to hide about Sangh Parivar links, why vanish from social media? - P.M. Niyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.