ബി.ജെ.പി തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിഷൻ 2026 ഉദ്ഘാടന ചടങ്ങിനിടെ പാർട്ടിയിൽ അംഗത്വമെടുത്ത മുൻ സി.പി.എം സഹയാത്രികൻ റെജി ലൂക്കോസിനെ ആദരിക്കാനായി ഷാൾ കിട്ടാനാകാതെ സമീപത്തുണ്ടായിരുന്ന ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസിന്റെ ചുമലിൽ നിന്ന് ഷാൾ വലിച്ചെടുക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചിത്രം: പി.ബി. ബിജു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള രാഷ്ട്രത്തിന്റെ മുഴുവൻ വിശ്വാസത്തെയും ഹനിക്കുന്നതാണെന്നും കേസിന്റെ എഫ്.ഐ.ആറിൽ തന്നെ പ്രതികളെ രക്ഷിക്കാനുള്ള കാര്യങ്ങളുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
സ്വർണക്കൊള്ളയിൽ രണ്ട് മന്ത്രിമാർ ജനമനസ്സിൽ കുറ്റവാളികളാണ്. എന്നിട്ടും അവരെ ന്യായീകരിക്കുകയാണ്. സി.പി.എമ്മിനൊപ്പം കോൺഗ്രസ് നേതാക്കളും പ്രതികളാണ്. കേസിന്റെ അന്വേഷണം നിഷ്പക്ഷ ഏജൻസിയെ എൽപിക്കണം. അതിനായി ബി.ജെ.പി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജനപ്രതിനിധികളുടെ സംസ്ഥാന സംഗമം ഉദ്ഘാടനവും ‘മിഷൻ 2026’ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അമിത് ഷാ.
എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും മിത്രങ്ങളാണ് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും. അവരുടെ വിഭജന രാഷ്ട്രീയത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കണം. എൽ.ഡി.എഫും യു.ഡി.എഫും പ്രീണന രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. ഒരാളോടുള്ള പ്രീണനം മറ്റൊരാൾക്ക് അനീതിയാവും. അതുകൊണ്ടാണ് ബി.ജെ.പി തുല്യനീതി പറയുന്നത്. വികസനത്തിനും വിശ്വാസ സംരക്ഷണത്തിനും കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മേയർ വി.വി. രാജേഷ്, സി. സദാനന്ദൻ എം.പി, പ്രകാശ് ജാവ്ദേക്കർ, ഒ. രാജഗോപാൽ, സി.കെ. പത്മനാഭൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, എ.പി. അബ്ദുല്ലക്കുട്ടി, കെ. സോമൻ, പി.സി. ജോർജ്, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, ആർ. ശ്രീലേഖ, ഷോൺ ജോർജ് എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി വി. സുരേഷ് സ്വാഗതവും സിറ്റി ജില്ല പ്രസിഡന്റ് കരമന ജയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.