കൊച്ചി: സംസ്ഥാനത്തെ മുഴുവൻ വഖഫ് സ്ഥാപനങ്ങളും കേന്ദ്ര ഉമീദ് പോർട്ടലിൽ പൂർണമായും കൃത്യമായും രേഖപ്പെടുത്തണമെന്ന് വഖഫ് ബോർഡ് കർശന നിർദേശം നൽകി.
ബോർഡിൽ നിലവിൽ രജിസ്ട്രേഷനുള്ള വഖഫ് സ്ഥാപനങ്ങൾക്ക് തങ്ങളുടെ സ്വത്തുക്കൾ പോർട്ടലിൽ ചേർക്കുന്നതിന് ട്രൈബ്യൂണൽ അനുവദിച്ച സമയപരിധി അവസാനിച്ചാൽ പിന്നീട് നിയമപ്രകാരം അവസരം ഉണ്ടാകില്ല. ഇത് സ്ഥാപനത്തിന്റെ തുടർ പ്രവർത്തനത്തെ ബാധിക്കും. ഇതുവരെ വഖഫ് സ്വത്തുക്കൾക്ക് ബോർഡിൽ രജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പോർട്ടലിൽ രേഖകൾ സഹിതം അപേക്ഷിക്കണം. ഉമീദ് പോർട്ടലിൽ നിരവധി വഖഫുകൾ തങ്ങളുടെ സ്വത്തുക്കൾ മുഴുവനായോ ഭാഗികമായോ രേഖപ്പെടുത്തിയിട്ടില്ലെന്നും ചിലത് തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതര നിയമലംഘനമായി മാറുമെന്നും വഖഫ് ഭാരവാഹികൾ/മുതവല്ലിമാർക്കെതിരെ ശിക്ഷാനടപടികൾക്ക് കാരണമാകുമെന്നും ബോർഡ് ഓർമിപ്പിച്ചു.
അതുകൊണ്ട് എല്ലാ വഖഫ് ഭാരവാഹികളും/മുതവല്ലിമാരും തങ്ങൾ സംരക്ഷിക്കുന്ന വഖഫ് സ്വത്തുക്കളുടെ മുഴുവൻ വിവരങ്ങളും കൃത്യമായും പൂർണമായും പോർട്ടലിൽ രേഖപ്പെടുത്തി അതിന്റെ വിശദാംശങ്ങൾ 2026 മാർച്ച് 15ന് മുമ്പായി അതാത് ബോർഡ് ഓഫിസുകളിൽ നൽകണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ടി.എച്ച്. ഹാരിസ് മുഹമ്മദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.