പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുഖ്യമന്ത്രി പിണറായി വിജയൻ

86 വരെ സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിലെത്തും; ഭരണമാറ്റം പ്രവചിച്ച് സർവേ ഫലം

തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റമുണ്ടാകുമെന്ന് ലോക്പോൾ പുറത്തുവിട്ട പ്രീ-ഇലക്ഷൻ സർവേ ഫലം. നിലവിൽ സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫിനെ പിന്നിലാക്കി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. ആകെയുള്ള 140 സീറ്റുകളിൽ 81 മുതൽ 86 വരെ സീറ്റുകൾ നേടി യു.ഡി.എഫ് അധികാരം പിടിച്ചെടുക്കുമെന്ന് സർവേയിൽ പറയുന്നു.

ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽ.ഡി.എഫിന് 51 മുതൽ 59 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. തെരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ പരമാവധി രണ്ട് സീറ്റുകൾ വരെയും, മൂന്നു മുന്നണികളിലും ഭാഗമാകാത്തവർ മൂന്ന് സീറ്റുകൾ വരെയും നേടാൻ സാധ്യതയുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. ഫെബ്രുവരി ഒമ്പത് മുതൽ 24 വരെയാണ് സർവേ നടത്തിയതെന്ന് ലോക് പോൾ എക്സ് പോസ്റ്റിൽ പറയുന്നു.

മുന്നണികൾ നേടാൻ സാധ്യതയുള്ള വോട്ട് ഷെയറിന്‍റെ കണക്കുകളും ലോക്പോൾ പുറത്തുവിട്ടിട്ടുണ്ട്. എൽ.ഡി.എഫ്: 39 - 41, യു.ഡി.എഫ്: 43 -45, എൻ.ഡി.എ: 13 -15, മറ്റുള്ളവർ: 2-3 ശതമാനം എന്നിങ്ങനെയാണ് സർവേയിൽ പ്രവചിക്കുന്നത്.

തെക്ക്, വടക്ക്, മധ്യകേരളം എന്നിങ്ങനെ മേഖല തിരിച്ചുള്ള ചിത്രങ്ങളും ലോക്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ മുസ്‌ലിം ലീഗിന്റെ കരുത്തില്‍ യു.ഡി.എഫ് വമ്പന്‍ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷ. എങ്കിലും കണ്ണൂരും, പാലക്കാടും എല്‍.ഡി.എഫ് കോട്ടകളില്‍ മാറ്റമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മധ്യകേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായി മാറും. ഇത് കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യു.ഡി.എഫ് മുന്നേറ്റം നടത്തും. കേരള കോണ്‍ഗ്രസ് എമ്മിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ വോട്ട് ചോര്‍ച്ചക്ക് കാരണമാകാനും സാധ്യതയുണ്ട്.

എല്‍.ഡി.എഫിന്റെ ശക്തി കേന്ദ്രമായ തെക്കന്‍ കേരളത്തില്‍ മുന്നണി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചേക്കും. എന്നാൽ പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകള്‍ യുഡിഎഫ് തൂത്തുവാരും. ബി.ജെ.പിയുടെ മുന്നേറ്റം തിരുവനന്തപുരം ജില്ലയിലെ ചില മണ്ഡലങ്ങളില്‍ മാത്രമായി ഒതുങ്ങുമെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. പരമ്പരാഗത എൽ.ഡി.എഫ് വോട്ടുകൾ ബി.ജെ.പി പിടിക്കുന്നത് പലയിടത്തും യു.ഡി.എഫിന് പരോക്ഷമായി ഗുണകരമാകുമെന്നും സര്‍വേ വിലയിരുത്തുന്നു.

ഭരണവിരുദ്ധ വികാരം ശക്തമെന്ന് 

ശബരമല സ്വർണ്ണ കള്ളക്കടത്ത് കേസും അനുബന്ധ ക്രമക്കേടുകളും എൽഡിഎഫിന്‍റെ വിശ്വാസ്യതയെ കാര്യമായി ബാധിച്ചുവെന്ന് സർവേയിൽ പറയുന്നു. എ.പി സമസ്ത മുസ്ലിം ലീഗുമായി അടുത്തതും, സഭകളുമായുള്ള കോൺഗ്രസിന്‍റെ സജീവ സമ്പർക്കവും യു.ഡി.എഫിന് അനുകൂലമായ വോട്ട് ഏകീകരണത്തിന് കാരണമാകുമെന്നും സർവേ വിലയിരുത്തി.

റബ്ബർ കർഷകരുടെ പ്രതിഷേധവും വന്യജീവി ആക്രമണങ്ങളും മലയോര മേഖലയിലെ കർഷകരുടെ അതൃപ്തിയും എൽ.ഡി.എഫ് വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കും. തെക്കൻ കേരളത്തിലെ പരമ്പരാഗത എൽ.ഡി.എഫ് വോട്ടർമാരായ നെൽകർഷകർ, കശുവണ്ടി തൊഴിലാളികൾ, സർക്കാർ ജീവനക്കാർ എന്നിവർക്കിടയിൽ വർധിച്ചുവരുന്ന അതൃപ്തി യു.ഡി.എഫ് വിജയങ്ങൾക്ക് വഴിയൊരുക്കുമെന്നും സ‍ർവേ പറയുന്നു.


Tags:    
News Summary - LokPoll prepoll survey predicts UDF victory in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.