സി.പി. രാധാകൃഷ്ണൻ, ജി. സുകുമാരൻ നായർ

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് അനുമതിയില്ല; ഉപരാഷ്ട്രപതിയെ വിലക്കി എന്‍.എസ്.എസ്

കോട്ടയം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍നിന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ എന്‍.എസ്.എസ് വിലക്കി. ഉത്തരവാദപ്പെട്ട ആരും മന്നം അനുമതി തേടാത്തതാണ് എൻ.എസ്.എസിന്‍റെ നീക്കത്തിന് പിന്നിലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ രാഷ്ട്രീയ പശ്ചാത്തലുമുള്ള സി.പി. രാധാകൃഷ്ണൻ, തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മന്നം സമാധിയിലെത്തിയാൽ വിവാദമായേക്കുമെന്ന വിലയിരുത്തലാണ് വിലക്കിന് പിന്നിലെന്ന് സൂചനയുണ്ട്.

ഇതോടെ ചങ്ങനാശേരി എസ്.ബി കോളജിന്റെ ശതാബ്ദി ആഘോഷങ്ങൾക്കായി ശനിയാഴ്ചയെത്തുന്ന ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഷെഡ്യൂള്‍ വെട്ടിച്ചുരുക്കി. ശനിയാഴ്ച വൈകിട്ട് 3.30ന് കോളജിലെ കാവുകാട്ട് ഹാളിലാണ് ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങ്. ഇതിൽ പങ്കെടുക്കാനായാണ് ഉപരാഷ്ട്രപതി ഡൽഹിയിൽനിന്ന് ചങ്ങനാശേരിയിൽ എത്തുന്നത്.

വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശേരിയിലെത്തും. പെരുന്ന എന്‍.എസ്.എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. ഇതിനുശേഷം മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താനാണ് തീരുമാനിച്ചത്. നേരത്തെ ഇക്കാര്യം ഷെഡ്യൂളിലുണ്ടായിരുന്നില്ല. മന്നം സമാധിയിലെ പുഷ്പാര്‍ച്ചന വെള്ളിയാഴ്ച രാവിലെയാണ് തീരുമാനിച്ചത്. എന്നാൽ രാഷ്ട്രീയ വിവാദം ഒഴിവാക്കാൻ എൻ.എസ്.എസ് അനുമതി നിഷേധിക്കുകയായിരുന്നു.

അടുത്തിടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കിയതിനെത്തുടര്‍ന്ന് ബി.ജെ.പിയുമായി എൻ.എസ്.എസ് അകലം പാലിച്ചിരുന്നു. വിശാല ഹിന്ദു ഐക്യമെന്ന ആശയത്തില്‍നിന്നും അപ്രതീക്ഷിതമായി എൻ.എസ്.എസ് പിന്മാറിയതിന് പിന്നാലെയാണ് ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിക്കുന്ന തരത്തിലുള്ള കടുത്ത നിലപാട് ജി. സുകുമാരന്‍ നായര്‍ സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനും സമാന രീതിയില്‍ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ഹൈന്ദവ സംഘടനകളെ ഒന്നിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിനിടെയാണ് എൻ.എസ്.എസ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഉപരാഷ്ട്രപതി ഗ്രൗണ്ടിലിറങ്ങി നേരെ എസ്.ബി കോളേജിലെ പരിപാടിയിലേക്ക് തിരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

Tags:    
News Summary - NSS denies permission to Vice President C P Radhakrishnan to offer tribute at Mannam Samadhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.