‘കേരള’ സർക്കാറോ ‘കേരളം’ സർക്കാറോ? എഴുത്തിലും വായനയിലും എങ്ങനെയെന്നത് വലിയ ചോദ്യം...

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേരുമാറ്റത്തോടെ വിവിധ ഭാഷകളിൽ ‘കേരള’ എന്നത് ‘കേരളം’ ആകുമെങ്കിലും മലയാളത്തിലെ എഴുത്തിലും വായനയിലും എങ്ങനെയെന്നത് വലിയ ചോദ്യം. ‘ഗവൺമെന്‍റ് ഓഫ് കേരളം’ എന്ന് ഇംഗ്ലീഷിൽ എഴുതുന്നതിനും പറയുന്നതിനും ഭംഗിക്കുറവില്ല. പക്ഷേ, മലയാളത്തിലെ ‘കേരള സർക്കാർ’ എന്നത് ‘കേരളം സർക്കാർ’ എന്നാകുന്നത് അഭംഗിയും കല്ലുകടിയും തന്നെയാണെന്നാണ് വാദം. കേരള നിയമസഭയുടെ പേരിലും സമാന പ്രതിസന്ധിയുണ്ട്. മലയാളത്തിൽ വായിക്കാനുള്ള സൗകര്യം പരിഗണിച്ച് ഇവ പഴയപടി തുടരണമെന്നാണ് ആവശ്യം. സംസ്ഥാനത്തിന്‍റെ പേര് ഒറ്റക്ക് പരാമർശിക്കുന്ന അവസരങ്ങളിൽ ‘കേരളം’ എന്നും, ചേർത്തുപറയുമ്പോൾ ‘കേരള’ എന്നും ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നതാണ് മറ്റൊരു വാദം.

കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകരിച്ചെങ്കിലും പേരുമാറൽ അടുത്ത സർക്കാറിന്റെ കാലത്തേ സാധ്യമാകൂ എന്നാണ് വിവരം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയാറാക്കുന്ന ബില്ലിൽ സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടണമെന്ന കടമ്പയാണ് ഇതിന് കാരണം. ഇതിനായി നിയമസഭ പ്രത്യേകം ചേരണം.

സഭാസമ്മേളനം അവസാനിക്കുകയും സംസ്ഥാനം തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുകയും ചെയ്ത സാഹചര്യത്തിൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷമേ ഇനി സഭ ചേരാനാകൂ. പേരുമാറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന മുറക്കാകും ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ പൊതുഭരണ വകുപ്പ് സ്വീകരിക്കുക.

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്നാവശ്യപ്പെട്ട് 2024 ജൂണിലാണ് നിയമസഭ പ്രമേയം പാസാക്കിയത്. ഇക്കാര്യത്തിൽ നിയമസഭയുടെ അഭിപ്രായം ഇതിൽനിന്ന് വ്യക്തമാണെന്നതിനാൽ ‘കേരള (ആൾട്ടറേഷൻ ഓഫ് നെയിം) ബിൽ 2026’ വീണ്ടും നിയമസഭയുടെ പരിഗണനക്ക് അയക്കേണ്ടതില്ലെന്ന അഭിപ്രായമുണ്ട്. എന്നാൽ, കേന്ദ്രം തയാറാക്കുന്ന ബില്ലിലാണ് കേരള നിയമസഭ അഭിപ്രായം അറിയിക്കേണ്ടതെന്നതിനാൽ മുമ്പത്തെ സാഹചര്യവും നിലപാടും പരിഗണിക്കില്ലെന്നതാണ് മറുവാദം. പേരുമാറ്റം ഔദ്യോഗികമായി യാഥാർഥ്യമായാലും കടമ്പകളുണ്ട്.

സർക്കാർ ഓഫിസുകളുടെ ബോർഡുകൾ, ലെറ്റർ ഹെഡുകൾ, ഓഫിസ് മുദ്രകൾ മുതൽ വെബ്സൈറ്റുകളിലും ആപ്പുകളിലുംവരെ പേര് മാറ്റേണ്ടിവരും. നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ പേരിലെയും ‘കേരള’ മാറ്റണം. സംസ്ഥാനങ്ങളുടെ പേരുമാറ്റത്തിൽ ഏറ്റവും ഒടുവിലത്തേത് 2011ൽ ഒറീസയെ ‘ഒഡിഷ’ ആക്കിയതാണ്. 2007ൽ ഉത്തരാഞ്ചലിനെ ‘ഉത്തരാഖണ്ഡ്’ എന്നാക്കിയതാണ് മറ്റൊന്ന്. സമാനമായ ഭരണഘടന നടപടിക്രമങ്ങൾ പാലിച്ചാകും ‘കേരള’ത്തിന്‍റെയും മാറ്റം.

Tags:    
News Summary - 'Kerala' government or 'Keralam' government? The big question is how it is pronounced in writing and reading...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.