ഗൂഢാലോചനക്ക് വ്യക്തമായ തെളിവുണ്ട്; നടിയെ ആക്രമിച്ച കേസിൽ സർക്കാർ അപ്പീൽ നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈകോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്താണ് അപ്പീൽ സമർപിച്ചത്.

ഗൂഢാലോചനക്കും ആക്രമണ കാരണത്തിനും വ്യക്തമായ തെളിവുണ്ടെന്നും സാക്ഷിമൊഴികളെ നിസാരമായി തള്ളിക്കളഞ്ഞുവെന്നും തെളിവുകളെ തെറ്റായി പരിഗണിച്ചെന്നും സർക്കാർ ഹരജിയിൽ പറയുന്നു. അപ്പീൽ നൽകാനുള്ള സമയപരിധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സർക്കാറിന്‍റെ നീക്കം.

കേസുമായി ബന്ധപ്പെട്ട് മതിയായ തെളിവുകൾ ഉണ്ടായിട്ടും അത് വിചാരണ കോടതി കൃത്യമായി പരിഗണിച്ചിട്ടില്ല. പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ വിചാരണ കോടതി തള്ളിയത് നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് പ്രോസിക്യൂഷൻ വാദം. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന്റെ വീട്ടിലെത്തിച്ചു എന്നതായിരുന്നു സംവിധായകൻ ബാലൻചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ.

ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ള പ്രതികളുടെ ഗൂഢാലോചന മാത്രമാണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്. കൃത്യത്തിലേക്ക് നയിച്ച ഗൂഢാലോചനയെക്കുറിച്ച് കോടതി ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു ഗൂഢാലോചനയേ നടന്നിട്ടില്ല എന്ന തരത്തിലാണ് കോടതി നിരീക്ഷണം. ഇത് തെറ്റായ കണ്ടെത്തലാണ് എന്നാണ് പ്രോസിക്യൂഷൻ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നത്. എട്ടാം പ്രതി ദിലീപ്, ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനിൽ, പതിനഞ്ചാം പ്രതി ശരത് എന്നിവരെയാണ് ഗൂഢാലോചനക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി വെറുതേ വിട്ടത്.

പൾസർ സുനിയടക്കം ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ 20 വർഷം കഠിനതടവിന് ശിക്ഷിച്ചു. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നടി ആക്രമിക്കപ്പെട്ടത്. എട്ടുവർഷം നീണ്ട വിചാരണക്കൊടുവിൽ 2025 ഡിസംബർ എട്ടിന് കേസില്‍ വിധി പറഞ്ഞു. ഡിസംബർ 12ന് ശിക്ഷാവിധിയും പ്രഖ്യാപിച്ചു.

Tags:    
News Summary - Government appeals in actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.