തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണം തമിഴ്നാട് കേന്ദ്രീകരിച്ച്. വിവാദ വ്യവസായി ‘ഡി മണി’യെന്ന് സംശയിക്കുന്നയാളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ‘താൻ ഡി മണിയല്ല എന്നും എം.എസ്. മണിയാണെന്നുമാണ് എസ്.ഐ.ടി ചോദ്യം ചെയ്ത ഡിണ്ടിഗൽ സ്വദേശിയുടെ വാദം. പൊലീസ് അന്വേഷിക്കുന്ന ശബരിമല വിഷയം അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇക്കാര്യം അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിനായി ജനുവരി നാല്, അഞ്ച് തീയതികളിൽ തിരുവനന്തപുരത്ത് എത്താൻ നോട്ടിസ് നൽകി.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാമർശിച്ച പ്രവാസി വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്ക് നീണ്ടത്. ഉണ്ണികൃഷ്ണൻ പോറ്റി ഡി.മണിയുമായി തിരുവനന്തപുരത്ത് പഞ്ചലോഹ വിഗ്രഹങ്ങളുടെ ഇടപാട് നടത്തിയെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി.
അന്വേഷണ സംഘം രണ്ടായി തിരിഞ്ഞാണ് വെള്ളിയാഴ്ച രാവിലെ ഡി. മണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇടനിലക്കാരനായ ശ്രീകൃഷ്ണന്റെ വീട്ടിലും പരിശോധന നടത്തിയത്. ശേഷം മണിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.പേര്, എന്ത് ബിസിനസ് ചെയ്യുന്നു, ഡി മണിയാണോ എന്നൊക്കെയാണ് വന്നവർ ചോദിച്ചതെന്ന് ചോദ്യം ചെയ്യലിന് വിധേയനായ മണി പറഞ്ഞു. താൻ ഡി.മണിയല്ല, എം.എസ്. മണിയാണ്. സുബ്രഹ്മണ്യം എന്നാണ് മുഴുവൻ പേര്.
ഒരു ഫോൺ നമ്പർ അറിയുമോ എന്ന് ചോദിച്ചു. തന്റെ സുഹൃത്ത് ബാലമുരുഗന്റെ നമ്പറാണ് അതെന്നും താൻ ഉപയോഗിക്കുന്നത് അതാണെന്നും പറഞ്ഞു. നാലഞ്ചുപേരുടെ ഫോട്ടോ കാണിച്ചെങ്കിലും ആരെയും അറിയില്ലെന്നും താൻ സ്വർണ ബിസിനസ് നടത്തുന്നില്ലെന്നും അന്വേഷണ സംഘത്തെ അറിയിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാല്‍, ഇത് ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് എന്നാണ് പൊലീസ് വിലയിരുത്തല്‍. ആരോപണം ഉന്നയിച്ച പ്രവാസി വ്യവസായിയും എസ്.ഐ.ടി ചോദ്യം ചെയ്തത് താന്‍ ഉദ്ദേശിച്ച ഡി.മണിയെ തന്നെയെന്ന് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.