ശബരിമല
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായുള്ള പ്രോസിക്യൂഷന് അനുമതി പോലും തേടാതെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 12ല്‍ ഒമ്പത് പ്രതികള്‍ക്കുമെതിരെ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ സര്‍ക്കാറിന്റെ അനുമതി വേണമെന്നാണ് വ്യവസ്ഥ. അറസ്റ്റിലായി 90 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. എന്നാൽ അതിനുള്ള നടപടികൾ പ്രത്യേക അന്വേഷണ സംഘം വൈകിപ്പിക്കുന്നതോടെ കൂടുതൽ പ്രതികൾ കോടതിയെ സമീപിച്ച് പുറത്തിറങ്ങാനുള്ള നീക്കത്തിലാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എന്‍. വാസു ഉള്‍പ്പെടെ നാല് പ്രതികള്‍ സ്വാഭാവിക ജാമ്യംകിട്ടി പുറത്തിറങ്ങാനുമുള്ള സാധ്യതയാണ് നിലവിലുള്ളത്.
സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ആരംഭിച്ചിട്ട് 115 ദിവസത്തോളമായി. ഇപ്പോഴും എത്ര സ്വര്‍ണം മോഷണംപോയെന്നും തൊണ്ടിമുതല്‍ എവിടെയെന്നും ഒരുപിടിയും കിട്ടാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം. അതിനാലാണ് കുറ്റപത്രം വൈകുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരി 15നകം കുറ്റപത്രം സമർപ്പിക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും അതിന് മുന്നോടിയായുള്ള നടപടികൾ വൈകുകയാണ്. അറസ്റ്റിലായ 12ല്‍ ഒമ്പത് പേരും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ ആയതിനാല്‍ കുറ്റപത്രം നല്കാന് സര്‍ക്കാറിന്റെ പ്രോസിക്യൂഷന് അനുമതി വേണം. എന്നാൽ ഇപ്പോൾ അപേക്ഷ സമർപ്പിച്ചാലും അത് പരിഗണിച്ച് സര്‍ക്കാര്‍ അംഗീകാരം കിട്ടാൻ സമയമെടുക്കും. അതിനാല്‍ കുറ്റപത്രം വൈകാനാണ് സാധ്യത.
സ്വാഭാവിക ജാമ്യം കിട്ടി ദേവസ്വം ബോർഡ് ജീവനക്കാരൻ മുരാരി ബാബു കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി മറ്റൊരു പ്രതി എസ്. ശ്രീകുമാറിനും ജാമ്യം ലഭിച്ചു. ഇതോടെ കൂടുതല്‍ പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയെ വീണ്ടും സമീപിക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി രണ്ടാം കേസിൽ അറസ്റ്റിലായിട്ട് തിങ്കളാഴ്ച 90 ദിവസമാകും. അതോടെ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിച്ചേക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും കമീഷണറുമായിരുന്ന എന്‍.വാസുവിനും ഫെബ്രൂവരി 15നകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം ലഭിക്കും.
മറ്റ് പ്രതികളായ മുന്‍ എക്സിക്യുട്ടീവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍, തിരുവാഭരണം കമീഷണര്‍ കെ.എസ്.ബൈജു എന്നിവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള കാലാവധി അടുത്തയാഴ്ച തികയും. അതിനിടെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവിറങ്ങിയതോടെ കൊല്ലം വിജിലന്‍സ് കോടതിയില്‍ നിലവിലുണ്ടായിരുന്ന പ്രോസിക്യൂട്ടര്‍ക്ക് കേസില്‍ ഹാജരാകാന്‍ നിയമതടസവുമുണ്ട്. ഇതും കേസുമായി മുന്നോട്ട് പോകുന്നതിൽ എസ്.ഐ.ടിക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.