തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് വിവാദത്തിൽപെട്ട ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ ഭൂമി ഇടപാടും പണപ്പിരിവുമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തൽ. 2020-25 കാലയളവിലെ ഇദ്ദേഹത്തിന്റെ ഇടപാടുകളിലാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്. മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം രൂപയുടെ ഭൂമിക്കച്ചവടം നടന്നു.
ബംഗളൂരുവും തിരുവനന്തപുരവും കേന്ദ്രീകരിച്ചാണ് കൂടുതൽ ഇടപാടുകൾ. 2022ൽ തിരുവനന്തപുരം നാലാഞ്ചിറയിൽ ഇദ്ദേഹം ഒരുകോടിയിലധികം രൂപക്ക് വാങ്ങിയ വീട്ടിൽനിന്ന് വാടകക്കാർ ഇറങ്ങാത്തതിനെ തുടർന്ന് ആ വീട്ടിൽ കയറി പെട്രോളൊഴിച്ച് കാർ കത്തിച്ച സംഭവമുണ്ടായി. ഇതുസംബന്ധിച്ച് മണ്ണന്തല പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. കൊള്ളപ്പലിശക്ക് പണം നൽകി തിരിച്ചടവ് മുടങ്ങുമ്പോൾ ഭൂമി സ്വന്തം പേരിലാക്കുന്ന രീതിയുമുണ്ട്. ഇത്തരമൊരു സംഭവത്തിൽ നെയ്യാറ്റിൻകര കോടതിയിൽ ഇദ്ദേഹത്തിനെതിരെ കേസുണ്ട്. ദേവസ്വം മുൻ കരാറുകാരനാണ് തലസ്ഥാനത്തെ ഇയാളുടെ ഇടനിലക്കാരനെന്നാണ് വിവരം.
ശബരിമലയിൽ നെയ്യഭിഷേകത്തിന്റെ പേരിലും ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ ഇടങ്ങളിലെ ഭക്തരിൽനിന്ന് നെയ്ത്തേങ്ങകൾ ശേഖരിച്ച് അഭിഷേകം നടത്തി നൽകുന്നതിൽ വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് വിവരം. 2001 മുതൽ 2023 വരെ എത്തിച്ചത് 10,001 നെയ്ത്തേങ്ങകളെന്നാണ് സൂചന. പമ്പയിൽനിന്ന് ട്രാക്ടറുകളിലാണ് ഇവ സന്നിധാനത്ത് എത്തിച്ചിരുന്നത്. അഭിഷേകം നടത്തി പ്രസാദം ഭക്തർക്ക് നൽകുന്നതുവഴി ഉണ്ണികൃഷ്ണൻ പോറ്റി പിരിച്ചത് ലക്ഷക്കണക്കിന് രൂപയാണ്.
നെയ്ത്തേങ്ങകൾ ആചാരപ്രകാരം എത്തിക്കേണ്ടത് ഇരുമുടിക്കെട്ടുകളിലാണ്. ഇത് ലംഘിച്ചായിരുന്നു ഉണ്ണികൃഷ്ണന് പോറ്റിയുടെ ഇടപെടലുകള്‍. സംഭവം ശ്രദ്ധയിൽപെട്ടതോടെ 2023ല്‍ ദേവസ്വം ബോര്‍ഡ് ഇടപാട് വിലക്കി. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്. അതേസമയം, ഉണ്ണികൃഷ്ണന് പോറ്റിയെ ശനിയാഴ്ച ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.