ദിലീപിന് കരിക്കിൻവെള്ളവും കിടക്കവിരിയും നൽകി; ആർ.ശ്രീലേഖക്കെതിരെ അന്വേഷണമില്ലാത്തതിൽ റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ നടൻ ദിലീപിന് ജയിലിൽ എത്തി സൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണത്തിന് വിധേയയായ അന്നത്തെ ജയിൽ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ ഇതുവരെ അന്വേഷണം ഉണ്ടായില്ലെന്ന പരാതിയിൽ ആഭ്യന്തരവകുപ്പ് അടിയന്തിര റിപ്പോർട്ട് തേടി.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നല്കിയ പരാതിയിലാണ് ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ജയിൽ മേധാവിയോട് റിപ്പോർട്ട് ഇപ്പോൾ തേടിരിക്കുന്നത്.

2017-ൽ നടന്ന സംഭവം അതീവ ഗൗരവപരമാണ്. മറ്റു പ്രതികളുടെ ക്ഷീണം പരിഗണിക്കാത്തതും സിനിമനടന്റെ ക്ഷീണം മാത്രം മാറ്റുവാൻ കരിക്കിൻ വെള്ളവും കിടക്കവിരിയും നല്കി ക്ഷേമം ഉറപ്പാക്കിയ ജയിൽ ഡി.ജി.പിയുടെ നടപടി തുല്യനീതിയുടെയും നിഷ്പക്ഷ നടപടിക്രമത്തിൻ്റെയും ലംഘനമാണ്. ജയിൽ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടിൽ ജയിൽ സെല്ലിൽ കഴിയുന്ന എല്ലാപേരും തുല്യരാണ്. ഇതിൽ ചില പ്രതികൾക്ക് മാത്രം പ്രത്യേക പരിഗണന ഉണ്ടായാൽ അത് നിഷ്പക്ഷ ഉദ്യോഗസ്ഥ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്നതല്ല. മറിച്ച് കൃത്യവിലോപത്തിന്റെ ഭാഗമായി മാത്രമേ കാണുവാൻ കഴിയുകയുള്ളൂ.

ജയിലിൽ എത്തി സിനിമനടനെ കണ്ട് ക്ഷേമം അന്വേഷിക്കുവാൻ കോടതിയോ സർക്കാരോ അന്നത്തെ ജയിൽ ഡിജിപിയ്ക്ക് യാതൊരു നിർദ്ദേശവും നല്കിയിരുന്നില്ല. ജയിൽ സന്ദർശനവേളയിൽ സെല്ലിൻ്റെ തറയിൽ അവശനായി കിടന്നയാൾ സിനിമ നടൻ എന്ന് തിരിച്ചറിഞ്ഞതായും വിരൂപ രൂപവുമായി ക്ഷീണിതനായി കാണപ്പെട്ടതുകൊണ്ട് സെല്ലിൽ നിന്ന് പുറത്തിറക്കി കരിക്കിൻ വെള്ളം വരുത്തി നല്കിയെന്നും കിടക്കവിരി നല്കിയെന്നുമാണ് അന്നത്തെ സംഭവത്തിൽ മാധ്യമങ്ങളോട് പോലും ജയിൽ ഡി.ജി.പി ആയിരുന്ന ആർ ശ്രീലേഖ വ്യക്തമാക്കിയത്.

അന്ന് സംഭവം വിവാദം ആയിരുന്നുവെങ്കിലും കൃത്യമായ അന്വേഷണം വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിൻ മേൽ നടപടി ഉണ്ടായിട്ടില്ലെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ചൂണ്ടികാട്ടുന്നത്.

ജയിലിലെ പ്രതികളെ മുഴുവൻ ജയിൽ അധികൃതർ തുല്യ നീതിയോടെ കാണണമെന്ന നിർദ്ദേശത്തിന്റെ ലംഘനമാണ് സംഭവിച്ചത്. എല്ലാ പ്രതികൾക്കും കിടക്കവിരിയും കരിക്കിൻ വെള്ളവും നല്കാതെ സിനിമാനടന് മാത്രം കരിക്കിൻ വെള്ളം കൊടുത്ത് ക്ഷീണം മാറ്റുന്ന പ്രവൃത്തി സത്യസന്ധമായ സേവനമെന്ന് കരുതുവാൻ കഴിയില്ല. നിഷ്പക്ഷ നടപടിക്രമത്തിൻ്റെ ലംഘനങ്ങളായ പദവിയുടെ മറവിൽ മനപൂർവ്വം നടത്തുന്ന സമാനപ്രവൃത്തികൾ ജയിൽ മേധാവികളിൽ നിന്ന് മേലിൽ ഉണ്ടാകരുതെന്ന നിർദേശം പുറപ്പെടുവിപ്പിക്കണമെന്നും അഡ്വ. കുളത്തൂർ ജയ്സിങ് ആവിശ്യപ്പെടുന്നു.

Tags:    
News Summary - Home Department seeks report on lack of investigation against R. Sreelekha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.