തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് രണ്ടാമത്തെ കേസിലും ജാമ്യം. ഇതോടെ മുരാരി ബാബുവിന് ജയിലിന് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങി. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലുമാണ് ബാബുവിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. അതേസമയം, ശബരിമല മുൻ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.
അനുകൂല ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിൽ സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയായിരിക്കും മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്.
അതിനിടെ, ശബരിമലയിലെ സ്വർണകൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരുടെ പങ്കിനെക്കുറിച്ച് കൂടുതൽ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെകുറിച്ചും എസ്ഐടി വിശദമായി പരിശോധിച്ചു.
ശബരിമലയിലെ ദ്വാരപാലക ശില്‍പവും കട്ടിളപ്പാളിയും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള തീരുമാനത്തിന് തന്ത്രിയുടെ ഇടപെടൽ വ്യക്തമായതിന് പിന്നാലെയായിരുന്നു എസ് ഐ ടി അറസ്റ്റിലേക്ക് കടന്നത്. തട്ടിപ്പിൽ പങ്കില്ലെന്നായിരുന്നു തന്ത്രിയുടെ വാദം. എന്നാൽ എസ്ഐടിയുടെ അന്വേഷണത്തിൽ തന്ത്രിയുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.