തിരുവനന്തപുരം: ഗുജറാത്തിൽ അധികാരം പിടിച്ചത് പോലെ കേരളത്തിലും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ നാല് പതിറ്റാണ്ട് മുമ്പ് അഹമ്മദാബാദ് നഗരസഭയുടെ ഭരണം പിടിച്ചതോടെയാണ് ബി.ജെ.പിയുടെ തേരോട്ടം ഗുജറാത്തിൽ തുടങ്ങിയതെന്നും സമാനമായ സാഹചര്യം കേരളത്തിലുണ്ടാവുമെന്നും മോദി പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുന്നതിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സർക്കാറുകൾ പരാജയപ്പെട്ടുവെന്ന് അദ്ദേഹംപറഞ്ഞു. ബി.ജെ.പി വർഷങ്ങളായി തിരുവനന്തപുരത്തിന്റെ വികസനത്തിനായാണ് നിലകൊള്ളുന്നത്. തിരുവനന്തപുരത്തെ ജനങ്ങൾക്ക് സർക്കാറിൽ വിശ്വാസമുണ്ട്. രാജ്യത്തിന് മുഴുവൻ മാതൃകയാവുന്ന നഗരമായി തിരുവനന്തപുരത്തെ വളർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയാൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും മോദി പറഞ്ഞു. മുഴുവൻ സ്വർണവും വീണ്ടെടുക്കുകയും ചെയ്യും. ഇടത് ഭരണത്തിൽ സഹകരണ ബാങ്കുകളിലെ നിക്ഷേപം വരെ സുരക്ഷിതമല്ലാതായി മാറിയെന്ന് മോദി കുറ്റപ്പെടുത്തി.
തിരുവനന്തപുരത്തെ ജനങ്ങൾ ഇന്ന് ബിജെപിക്ക് സേവിക്കാനുള്ള അവസരം നൽകി. ഈ വിജയത്തിന്റെ അലയൊലികൾ രാജ്യം മുഴുവൻ കേൾക്കുന്നുണ്ട്. ബിജെപിയിൽ വിശ്വാസം അർപ്പിച്ച ഓരോ വോട്ടർമാരെയും ഞാൻ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.