കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച ഹൈകോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും രാജിവെക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.
2019ലെ സ്വർണക്കൊള്ള ബോധപൂർവം മറച്ചുവെച്ചാണ് നിലവിലെ ദേവസ്വം ബോർഡ് 2025ലും ദ്വാരപാലകശിൽപം സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും ഇത് ദുരൂഹമാണെന്നുമാണ് ഹൈകോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടന്നെ കൃത്യമായ നിരീക്ഷണമാണ് കോടതി നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കൊള്ള ബോര്‍ഡിന്റെയും മൗനാനുവാദത്തോടെ നടന്നതാണെന്ന ആരോപണം ശരിവെക്കുന്നതാണ് ഹൈകോടതിയുടെ നിരീക്ഷണം. 2019ലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ട് രേഖകളില്‍ കൃത്രിമം നടത്തിയത് പോലെ
2025ലെ ദ്വാരപാലക ശില്‍പ്പത്തില്‍ സ്വര്‍ണം പൂശാന്‍ കൊണ്ടു പോയതിലും ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒരു നിമിഷം പോലും നിലവിലെ ബോര്‍ഡിനും ദേവസ്വം മന്ത്രിക്കും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.
സംഘടിത കൊള്ളയാണ് ശബരിമലയില്‍ നടന്നിരിക്കുന്നത്. ബോര്‍ഡും സര്‍ക്കാരും അതിന് അവസരവും ഒത്താശയും ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ സ്വര്‍ണക്കൊള്ള ഏതാനും ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങന്നതല്ല. 2019ലെ ബോര്‍ഡിനെ മാത്രം പഴിചാരി രക്ഷപ്പെടാമെന്ന് ആരും വിചാരിക്കേണ്ട.
കോടതി തന്നെ ദുരൂഹത ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ നാണമുണ്ടെങ്കില്‍ രാജിവെച്ച് പുറത്തു പോകാനുള്ള ആര്‍ജവം ദേവസ്വം ബോര്‍ഡും മന്ത്രിയും കാട്ടണം. അതല്ല മുടന്തന്‍ ന്യായങ്ങള്‍ നിരത്തി കൊള്ള തുടരാനണ് ഭാവമെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇനിയും ഉയര്‍ത്തുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.