തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയെച്ചൊല്ലി ചോദ്യോത്തരവേള മുഴുവൻ നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം, പ്രതിഷേധം കടുപ്പിച്ച് സഭ നടപടികൾ ബഹിഷ്കരിച്ചു. അൽപദിവസത്തെ ഇടവേളക്ക് ശേഷം തിങ്കളാഴ്ച ചേർന്ന സഭാസമ്മേളനമാണ് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ മുങ്ങിയത്.
ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ പ്ലക്കാർഡുകളുമായി ഇരിപ്പിടം വിട്ടിറിങ്ങിയ പ്രതിപക്ഷാംഗങ്ങൾ ആദ്യം സ്പീക്കറുടെ ഡയസിന് അടുത്തേക്ക് എത്തുകയും പിന്നാലെ നടുത്തളത്തിലേക്ക് നീങ്ങി കുത്തിയിരിക്കുകയുമായിരുന്നു. ‘പോറ്റിയേ കേറ്റിയേ.. പാട്ടും സർക്കാറിനെതിരെ മുദ്രാവാക്യങ്ങളും തരാതരം മുഴങ്ങിയ സഭാതലത്തിൽ, ഭരണപക്ഷ നിരയിൽനിന്ന് മന്ത്രിമാർ മറുപടി പറഞ്ഞതൊഴിച്ചാൽ കാര്യമായി പ്രതിരോധമോ പ്രത്യാക്രമണമോ ഉണ്ടായില്ല.
ചോദ്യോത്തര വേളയിൽ മറുപടി പറയുന്നതിനിടെ നടുത്തളത്തിലിരിക്കുന്ന പ്രതിപക്ഷാംഗങ്ങളുമായി മന്ത്രിമാർ വാദപ്രതിവാദത്തിലേർപ്പെടുന്നതും പതിവില്ലാത്ത കാഴ്ചയായി. ഇതിനിടെ പലവട്ടം ചോദ്യോത്തരവേള തടസ്സപ്പെടുത്താൻ പ്രതിപക്ഷാംഗങ്ങൾ ശ്രമിച്ചു. ബഹളത്തിനിടെ, ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ഭരണപക്ഷം ഉയർത്തുന്നുണ്ടായിരുന്നു.
ചോദ്യത്തോര വേള പൂർണമായും നിലത്തിരുന്ന പ്രതിപക്ഷം ശൂന്യവേള തുടങ്ങിയതിന് പിന്നാലെ സ്പീക്കറുടെ ഡയസിന് മുന്നിലേക്ക് നീങ്ങി. സ്പീക്കറുടെ കാഴ്ച മറയ്ക്കും വിധം ‘അയ്യപ്പന്റെ സ്വർണ്ണം കട്ടവർ, അമ്പലം വിഴുങ്ങികൾ’ എന്ന ബാനറും ഉയർത്തി. സഹകരിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ വഴങ്ങിയില്ല. കെ. ബാബുവാണ് പ്രതിപക്ഷത്തെ നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.