എന്‍. ശേഷാദ്രിനാഥ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറാകും, ഗവർണറോട് ശിപാർശ ചെയ്തു; തീരുമാനം മന്ത്രിസഭ യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കാലാവധി കഴിയുന്നതിന് തൊട്ടുമുമ്പ് നിലവിലുള്ള നിയമ സെക്രട്ടറി കെ.ജി. സനൽകുമാറിനെ കമീഷണറായി നിയമിക്കാൻ ശിപാർശ ചെയ്തിരുന്നു. എന്നാൽ, ഹൈകോടതി അനുമതിയില്ലാതെ ജില്ല ജഡ്ജിയായ സനൽകുമാറിനെ നിയമിക്കാൻ തീരുമാനിച്ചതിനെതിരെ ഗവർണർക്ക് പരാതി ലഭിക്കുകയും അംഗീകരിക്കാതെ മാറ്റിവെക്കുകയുമായിരുന്നു.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പ് കമീഷണർ ഉൾപ്പെടെ പദവികളിലേക്ക് ശിപാർശ ചെയ്ത പേരുകൾ പരിഗണിക്കേണ്ടതില്ലെന്നും പുതിയ ശിപാർശകൾ സമർപ്പിക്കാമെന്നും ഗവർണറെ അറിയിച്ചു. ഇതിന് പിന്നാലെയാണ് എൻ. ശേഷാദ്രിനാഥനെ നിയമിക്കാൻ ശിപാർശ ചെയ്തത്. തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന എ. ഷാജഹാന്‍റെ കാലാവധി കഴിഞ്ഞ മാർച്ച് 30ന് പൂർത്തിയായത് മുതൽ പദവി ഒഴിഞ്ഞുകിടക്കുകയാണ്.

എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ കഴിഞ്ഞ മാസമാണ് ജില്ല ജഡ്ജിയായി വിരമിച്ചത്. ഇരിങ്ങാലക്കുട കുടുംബ കോടതി, കവരത്തി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി, എറണാകുളം സി.ബി.ഐ കോടതി ജഡ്ജി, കേരള കോഓപറേറ്റിവ് ട്രൈബ്യൂണൽ ജില്ല ജഡ്ജി, എറണാകുളം, തിരുവനന്തപുരം മോട്ടോർ ആക്സിഡന്‍റ് െക്ലയിംസ് ട്രൈബ്യൂണൽ അഡീഷനൽ ആൻഡ് സെഷൻസ് ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്, ഓൾ ഇന്ത്യ ജഡ്ജസ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്‍റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

മറ്റു മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

* ഐ.എ.എസ് 1992 ബാച്ചുകാരനായ ബിശ്വനാഥ് സിന്‍ഹയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ഈ മാസം 30ന് നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

* ലോകായുക്ത സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി എന്‍. അനില്‍കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു. കേരള ഹൈകോടതിയില്‍ നാലു സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും 12 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറമാരെയും 24 ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും നിയമിക്കാന്‍ തീരുമാനിച്ചു.

* ബംഗളൂരു ശിവജി നഗര്‍ ആശുപത്രി കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞു വീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും.

* കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.

* ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂര്‍, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫിസുകളിലെയും തൃശൂര്‍ ജില്ലയിലെ തൃശൂര്‍ (എല്‍.എ) യൂണിറ്റ് നമ്പര്‍ 1 സ്പെഷല്‍ തഹസീല്‍ദാരുടെ കാര്യാലയത്തിലെയും പീരുമേട് ഭൂമി പതിവ് ഓഫിസിലെയും നേമം റെയില്‍ പാതക്ക് ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷല്‍ തഹസീല്‍ദാര്‍ ഓഫിസിലെയും 243 തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചു.

Tags:    
News Summary - N. Seshadrinath to be State Election Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.