തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കുകയാണെങ്കിൽ സ്കൂൾ പാഠ്യപദ്ധതി മാറ്റം വരുത്തേണ്ടി വരുമോ എന്നതടക്കം കാര്യങ്ങളിൽ പ്രാഥമിക അന്വേഷണവും ചർച്ചകളും നടത്തി മന്ത്രിസഭ ഉപസമിതി. പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിൽ സർക്കാർ നിലപാട് തീരുമാനിക്കാൻ മന്ത്രിസഭ യോഗം പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായി നിയോഗിച്ച ഉപസമിതിയുടെ ആദ്യയോഗമാണ് ബുധനാഴ്ച ചേർന്നത്.
എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ട പദ്ധതിയുടെ ഇപ്പോഴത്തെ നില സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സ്പെഷൽ സെക്രട്ടറി ഡി. സജിത്ത് ബാബു പ്രത്യേക അവതരണം നടത്തി. കരാറിൽ ഒപ്പിടുന്നതിലേക്ക് നയിച്ച കാര്യങ്ങളും ഒടുവിൽ താൽക്കാലിമായി നടപടികൾ നിർത്തിവെച്ച സാഹചര്യവും സെക്രട്ടറി വിശദീകരിച്ചു. പദ്ധതിയിൽ മുന്നോട്ടുപോയാൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതി പിന്തുടരേണ്ടിവരുമോ എന്നതടക്കം ചോദ്യങ്ങൾ സെക്രട്ടറിയുടെ അവതരണത്തിനുശേഷം മന്ത്രിമാർ ഉന്നയിച്ചു. പി.എം ശ്രീ സ്കൂളുകളിൽ ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനപ്പെടുത്തി ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം തയാറാക്കിയ പാഠ്യപദ്ധതിയോ ഇതനുസരിച്ച് സംസ്ഥാനങ്ങൾ തയാറാക്കിയ പാഠ്യപദ്ധതിയോ പിന്തുടരണമെന്നാണ് വ്യവസ്ഥയെന്ന് സെക്രട്ടറി വിശദീകരിച്ചു. പദ്ധതിയിൽ കേരളം നടത്തിയ കത്തിടപാടുകൾ, ഒപ്പുവെച്ച ധാരണാപത്രം എന്നിവയടക്കം രേഖകൾ വിശദ പഠനത്തിനായി മന്ത്രിമാർക്ക് കൈമാറി. പഠനത്തിനുശേഷം വൈകാതെ വീണ്ടും യോഗം ചേരും. ഇതിനുശേഷമായിരിക്കും ഉപസമിതി റിപ്പോർട്ട് തയാറാക്കുക.
പാഠ്യപദ്ധതിയിൽ സംസ്ഥാനത്തിന് സമ്പൂർണ സ്വാതന്ത്ര്യം, സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നീ വ്യവസ്ഥകളിൽ ഇളവ് തേടാനാണ് നേരത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാറിന് മുന്നിൽ വെക്കാനുള്ള നിലപാട് തയാറാക്കാനാണ് ഉപസമിതി രൂപവത്കരിച്ചത്. എൻ. ഷംസുദ്ദീന് പുറമെ മന്ത്രിമാരായ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.