ഓപ്പറേഷൻ തൂഫാൻ: പൂപ്പാറയിൽ ലഹരി വിൽപ്പന നടത്തിവന്ന കട ഇടിച്ചുനിരത്തി പൊലീസ്

അടിമാലി: 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ശാന്തൻപാറയിൽ ലഹരിവസ്തുക്കൾ വിറ്റിരുന്ന കട പൊലീസ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കി. പൂപ്പാറ ടൗണിൽ പ്രവർത്തിച്ചിരുന്ന വഴിയോരക്കടയാണ് ശാന്തൻപാറ ഇൻസ്പെക്ടർ ശരത് ലാൽ എസിന്റെ നേതൃത്വത്തിൽ പൊളിച്ചു മാറ്റിയത്. പൂപ്പാറ മുടുക്കുടി സ്വദേശിയായ ഈശ്വരൻ (47) എന്നയാളാണ് കട നടത്തിവന്നിരുന്നത്.

ഇയാളുടെ കടയിൽനിന്ന് നേരത്തെ ലഹരിവസ്തുക്കൾ പിടികൂടിയിരുന്നു. ഇതേത്തുടർന്ന് കട സ്വമേധയാ ഒഴിഞ്ഞുപോകാൻ പൊലീസ് നോട്ടീസ് നൽകിയെങ്കിലും ഈശ്വരൻ ഹൈക്കോടതിയെ സമീപിച്ച് അനുകൂലമായി സ്റ്റേ ഉത്തരവ് വാങ്ങി. എന്നാൽ, പിന്മാറാൻ തയാറാകാതിരുന്ന ശാന്തൻപാറ പൊലീസ് ഇയാളുടെ മുൻകാല ലഹരിക്കടത്ത് കേസുകളെക്കുറിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കി ഹൈക്കോടതിയിൽ സമർപ്പിച്ചു. പ്രതി സ്ഥിരമായി ലഹരി വിൽപ്പന നടത്തുന്നയാളാണെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതോടെയാണ് മുൻ ഉത്തരവ് നീക്കി കട പൊളിക്കാൻ കോടതി അനുമതി നൽകിയത്.

ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെയായിരുന്നു പൊലീസിന്റെ നടപടി. വരുംദിവസങ്ങളിലും ലഹരി മാഫിയക്കെതിരെ ശക്തമായ നീക്കങ്ങൾ തുടരുമെന്ന് ശാന്തൻപാറ ഇൻസ്പെക്ടർ അറിയിച്ചു. ലഹരി വിൽപ്പന നടത്തുന്നതായി കണ്ടെത്തിയാൽ കടകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Operation Toofan: Police demolish shop involved in drug peddling in Pooppara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.