സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസ്: നിർണായക എസ്.എഫ്.ഐ.ഒ രേഖകൾ ഇ.ഡിക്ക് കൈമാറി

കൊച്ചി: കൊച്ചിൻ മിനറൽസ് ആൻഡ് റൂൈട്ടൽസ് ലിമിറ്റഡ് (സി.എം.ആർ.എൽ)-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായകമായ 134 രേഖകൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൽനിന്ന് (എസ്.എഫ്.ഐ.ഒ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ലഭിച്ചു. കോടതിയിൽ സമർപ്പിച്ചിരുന്ന ഈ ഡിജിറ്റൽ രേഖകളുടെ സോഫ്റ്റ് കോപ്പിയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) പ്രത്യേക കോടതി വഴി ഇ.ഡി കൈപ്പറ്റിയത്.

ടി. വീണയും സി.എം.ആർ.എല്ലും തമ്മിൽ ഒപ്പുവെച്ച വിവാദപരമായ കരാറുകൾ, വീണയുടെ ആദായനികുതി റിട്ടേണുകൾ, എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാട് വിവരങ്ങൾ തുടങ്ങിയ സുപ്രധാന രേഖകളാണ് കേന്ദ്ര ഏജൻസിക്ക് ലഭ്യമായത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകളായ വീണ തൈക്കണ്ടിയിലിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. 29ന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകാനാണ് നിർദേശം.

പുതുതായി ലഭിച്ച രേഖകളുടെ കൂടി അടിസ്ഥാനത്തിലാകും അന്ന് ചോദ്യം ചെയ്യുക. എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിന്റെ ഭാഗമായ ഈ രേഖകൾ ഇ.ഡിക്ക് കൈമാറുന്നത് തടയാൻ സി.എം.ആർ.എൽ ശ്രമിച്ചിരുന്നു. അവരുടെ തടസ്സവാദങ്ങൾ തള്ളി രേഖകൾ കൈമാറാൻ ഹൈകോടതി ഉത്തവിട്ടിരുന്നു. എന്നിട്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കി രേഖകൾ ലഭിക്കാൻ കാലതാമസം നേരിട്ടതിനാലാണ് ഇത്രയും വൈകിയത്. കേസുമായി ബന്ധപ്പെട്ട് ഇതിനുമുമ്പ് രണ്ടു തവണ വീണയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം എച്ച്.ഡി.എഫ്.സി ബാങ്കിലെ വീണയുടെ ലോക്കറും പരിശോധിച്ചിരുന്നു.

സി.എം.ആർ.എൽ കമ്പനിയിൽനിന്ന് വീണക്ക് 2016 മുതൽ 2021 വരെ കാലയളവിൽ പ്രതിമാസം എട്ട് ലക്ഷം രൂപ വെച്ച് 2.78 കോടി രൂപയും സി.എം.ആർ.എല്ലിന്‍റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ കാപിറ്റലിൽനിന്ന് 50 ലക്ഷം വായ്പയും ലഭിച്ചു.

Tags:    
News Summary - Masappadi case: Crucial SFIO lines handed over to ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.