തിരുവനന്തപുരം: പ്രതിഷേധങ്ങൾ െകട്ടടങ്ങി കാര്യങ്ങൾ പഴയപടി ആയതോടെ വരുമാനത്ത ിലും വർധനയുണ്ടായ സാഹചര്യത്തിൽ ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാറും തിരു വിതാംകൂർ ദേവസ്വം ബോർഡും മുൻനിലപാട് മാറ്റുന്നു.
ശബരിമലയിൽ പ്രായഭേദമന്യേ എ ല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന് വാശിപിടിക്കേണ്ടെന്നും കോടതി നടപടികൾ അംഗീകരിക്കാമെന്നുമാണ് തീരുമാനം. സർക്കാറോ ദേവസ്വം ബോർഡോ യുവതീപ്രവേശനത്തിനാ യി വാശിപിടിക്കില്ല.
ശബരിമല ഹരജി ദിവസങ്ങൾക്കുള്ളിൽ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഇൗ നിലപാട് മാറ്റം. കോടതി അഭിപ്രായം തേടുകയാണെങ്കിൽ സംസ്ഥാനത്തെ പൊതുസ്ഥിതി ഉൾപ്പെടെ വ്യക്തമാക്കുന്ന നിലപാടാകും സർക്കാറും ബോർഡും കൈക്കൊള്ളുക.
ക്ഷേത്രാചാരങ്ങളും പ്രായോഗികപ്രശ്നങ്ങളും ഉൾപ്പെടെ എല്ലാകാര്യങ്ങളും പരിഗണിച്ചേ സുപ്രീംകോടതിയിൽ നിലപാടെടുക്കൂ എന്നാണ് ദേവസ്വം ബോർഡ്, സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.
യു.ഡി.എഫ് സർക്കാറിെൻറ കാലത്തെ ദേവസ്വം ബോർഡ് യുവതീപ്രവേശനത്തിന് എതിരായിരുന്നു. എന്നാൽ എൽ.ഡി.എഫ് അനുകൂല ഭരണസമിതി വന്നതോടെ നിലപാട് മാറി. പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നാണ് ഫെബ്രുവരിയിൽ സുപ്രീംകോടതി പുനഃപരിശോധന ഹരജി പരിഗണിച്ചപ്പോൾ മുതൽ ദേവസ്വം ബോർഡ് എടുത്ത നിലപാട്.
എന്നാൽ അതിൽനിന്ന് ഇപ്പോൾ മലക്കംമറിയുകയാണ് ബോർഡ്. അന്നത്തെ ദേവസ്വം കമീഷണറാണ് ഇപ്പോൾ ദേവസ്വം പ്രസിഡൻറ്. സർക്കാറിെൻറയോ ദേവസ്വം ബോർഡിെൻറയോ വാദങ്ങൾ സുപ്രീംകോടതി കേൾക്കുമോയെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.
സുപ്രീംകോടതിയിൽനിന്ന് ഇതുവരെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നാണ് സർക്കാർ, ബോർഡ് വൃത്തങ്ങൾ പറയുന്നത്. സർക്കാറും ബോർഡും ചർച്ച ചെയ്ത ശേഷമാകും അന്തിമ നിലപാട് സ്വീകരിക്കുക. അതിന് മുമ്പ് നിയമവിദഗ്ധരുമായി ചർച്ചചെയ്യും. പുതിയ സത്യവാങ്മൂലം നൽകേണ്ടതുണ്ടോ എന്നതടക്കം കാര്യങ്ങൾ പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.