പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ വികസനത്തിൽ നിർണായകമായ അങ്കമാലി-എരുമേലി ശബരി റെയിൽവേ പാതക്കായി 1,900 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം. ഇതോടെ ദശകങ്ങളായി മുടങ്ങിക്കിടക്കുന്ന ശബരി പദ്ധതിക്ക് വേഗത കൈവരുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കുന്നതിന്റെ ഭാഗമായാണ് തുക വിനിയോഗിക്കുകയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതിക്കായി 1900 കോടി രൂപ ചെലവഴിക്കാൻ കിഫ്ബി സി.ഇ.ഒയെ ചുമതലപ്പെടുത്തി. ഇനി ഭരണാനുമതിയുടെയോ മറ്റ് ഉത്തരവുകളുടേയോ ആവശ്യമില്ല. പദ്ധതി തിരുവനന്തപുരം വരെ നീട്ടുന്നത് മലയോര മേഖലയിലെ റെയിൽ കണക്ടിവിറ്റിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കേശവദാസപുരം മുതൽ അങ്കമാലിവരെയുള്ള എം.സി റോഡ് നാല് വരിയായി വികസപ്പിക്കുന്നതിനുള്ള ആദ്യഘട്ട ചെലവുകൾക്ക് 5217 കോടിയുടെ പദ്ധതിക്കും ബോർഡ് അംഗീകാരം നൽകി. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ബൈപാസുകൾക്കായാണ് തുക വിനിയോഗിക്കുക. കൊട്ടാരക്കര ബൈപാസിന്റെ പ്രവർത്തനങ്ങൾ നേരത്തേ ആരംഭിച്ചു. ഇതിനായി 250 കോടിയുടെ പദ്ധതിക്ക് ബോർഡ് അംഗീകാരം നൽകി. തിരുവനന്തപുരം വേളിയിൽ കെ-സ്പേസിനായി ഭൂമി ഏറ്റെടുക്കാൻ 600 കോടി രൂപ അനുവദിച്ചു. 14 പുതിയ പദ്ധതികൾക്കായി 689.45 കോടി രൂപയുടെ ധനാനുമതിയും നൽകി.
ഇതുവരെ 98,836.83 കോടി രൂപയുടെ 1237 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതികളുടെ തുകകൂടി കണക്കിലെടുക്കുമ്പോൾ ഇത് 1.10 ലക്ഷം കോടി രൂപയോളം വരും. 38,000 കോടി ഇതിനോടകം ചെലവഴിച്ചു. ഇതിൽ 25,000 കോടിയുടേത് പൂർത്തീകരിച്ച പദ്ധതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.