തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിൽ തടസ്സവാദം ഉന്നയിച്ച് തിരുവിതാംകൂർ രാജകുടുംബം. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാജകുടുംബവുമായി അനൗപചാരിക ചർച്ച നടത്തി. നിലവറ തുറക്കുന്നതിൽ ആചാരപരമായ തടസ്സങ്ങളുണ്ടെന്നും ഇക്കാര്യത്തിൽ ക്ഷേത്രം തന്ത്രിയുടെ തീരുമാനമാണ് പ്രധാനമെന്നും രാജകുടുംബാംഗങ്ങൾ മന്ത്രിയെ അറിയിച്ചു. ഈ നിലപാട് സുപ്രീംകോടതിയെയും അമിക്കസ്ക്യൂറിയെയും ധരിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ കവടിയാർ കൊട്ടാരത്തിലാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, ആദിത്യ വർമ എന്നിവരുമായി മന്ത്രി ചർച്ച നടത്തിയത്. സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ഈയാഴ്ച തിരുവനന്തപുരത്തെത്തി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് രാജകുടുംബവുമായി ചർച്ച നടത്തുമെന്നാണ് സൂചന. ബി നിലവറയുടെ ആദ്യഭാഗം മാത്രമേ നേരത്തേ തുറന്നിട്ടുള്ളൂവെന്നും പ്രധാനഅറയുടെ വാതിൽ ഇതുവരെ തുറന്നിട്ടില്ലെന്നും രാജകുടുംബം മന്ത്രിയെ അറിയിച്ചു.
നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആചാരപരമായ തടസ്സങ്ങളാണ് രാജകുടുംബം മുന്നോട്ടുെവച്ചതെന്ന് ചർച്ചക്കുശേഷം മന്ത്രി പറഞ്ഞു. ബി നിലവറയുടെ ആദ്യത്തെഭാഗം തുറന്നപ്പോൾ ചില അശുഭ ലക്ഷണങ്ങൾ കണ്ടതായി രാജകുടുംബാംഗങ്ങൾ പറഞ്ഞു. അതാണ് നിലവറ തുറക്കരുതെന്ന് അവർ പറയാൻ കാരണം. കോടതിയുടെ തീരുമാനം തങ്ങൾക്കും ബാധകമാണെന്ന നിലപാടാണ് രാജകുടുംബാംഗങ്ങൾക്കുമുള്ളത്. അമിക്കസ്ക്യൂറിയും രാജകുടുംബവുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകും. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു. നിലവറ തുറക്കരുതെന്ന് ഭയക്കുന്നവരെ സംശയിക്കണമെന്ന വി.എസ്. അച്യുതാനന്ദെൻറ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിെൻറ പൊതുധാരണയാവാം അതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.