തിരുവനന്തപുരം: ഘടകകക്ഷികളുടെ എതിർപ്പവഗണിച്ച് ബ്രൂവറി തീരുമാനവുമായി മുന്നോട്ടുപോകാനുള്ള സി.പി.എം നീക്കത്തിനെതിരെ ആർ.ജെ.ഡി. ബ്രൂവറി വിഷയത്തിൽ എല്‍.ഡി.എഫില്‍ ചര്‍ച്ച വേണമെന്നും അതുവരെ തുടര്‍നടപടികളെല്ലാം നിര്‍ത്തിവെക്കണമെന്നും ആര്.ജെ.ഡി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുന്നണി കണ്‍വീനര്‍ക്ക് കത്ത് നല്‍കാനും തിരുവനന്തപുരത്ത് ചേർന്ന യോഗം തീരുമാനിച്ചു. കൊക്കകോള ലോകത്തില്‍ എവിടെയെങ്കിലും അവരുടെ പ്ലാന്റ് പൂട്ടിയിട്ടുണ്ടെങ്കില്‍ അത് പാലക്കാട് പ്ലാച്ചിമടയിലാണെന്നും കോള കമ്പനിയേക്കാള്‍ വലുതല്ലല്ലോ ബ്രൂവറിയെന്നും യോഗതീരുമാനം വിശദീകരിച്ച് ആര്.ജെ.ഡി സെക്രട്ടറി ജനറല്‍ വറുഗീസ് ജോര്‍ജ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിക്കുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നു. പാരിസ്ഥിതിക പ്രശ്നം, പഞ്ചായത്തിന്റെ അനുമതി, ഗ്രാമസഭയുടെ അംഗീകാരം, കുടിവെള്ളത്തിന്റെ ലഭ്യത, പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ഇങ്ങനെ പല കാര്യങ്ങളും ഇക്കാര്യത്തിലുണ്ടെന്ന് യോഗം വിലയിരുത്തി. മാത്രമല്ല, ബ്രൂവറി അനുമതി പോലെ സുപ്രധാനമായ തീരുമാനം മുന്നണിയിൽ ചർച്ച ചെയ്യാത്തതിൽ ആർ.ജെ.ഡിക്ക് അമർഷമുണ്ട്. മന്ത്രിസഭായോഗം ഇത്തരമൊരു വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ മുന്നണിയുടെ അംഗീകാരംകൂടി ഉണ്ടാകേണ്ടതുണ്ട്. അതുണ്ടായിട്ടില്ല. സി.പി.എം ഏകപക്ഷീയമായി തീരുമാനമെടുത്ത് മുന്നോട്ടുപോകുന്നതിനെ പിന്തുണക്കേണ്ടതില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ബ്രൂവറി തീരുമാനം പിൻവലിക്കണമെന്ന ആവശ്യം സി.പി.ഐയും മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, ഘടകകക്ഷികളുടെ എതിർപ്പ് കാര്യമാക്കാതെ മുന്നോട്ടുപോകാനാണ് സി.പി.എം നീക്കം. മുന്നണിയിലെ എതിർപ്പ് സംസാരിച്ച് പരിഹരിക്കുമെന്ന് വിശദീകരിച്ച മന്ത്രി എം.ബി. രാജേഷ്, ബ്രൂവറി അനുമതി തീരുമാനം പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് ആവർത്തിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ കടുത്ത നിലപാടുമായി സി.പി.ഐയും ആർ.ജെ.ഡിയും രംഗത്തുവരുന്നത്. സി.പി.എം ഉറച്ചുനിന്നാൽ, ഘടകകക്ഷികൾക്ക് എതിർപ്പ് പിൻവലിച്ച് ബ്രൂവറി അനുമതി തീരുമാനത്തിന് വഴങ്ങേണ്ടിവരും. എന്നാൽ, ബ്രൂവറി തീരുമാനം വലിയ അഴിമതിയായി ഉയർത്തിക്കാട്ടുന്ന പ്രതിപക്ഷത്തിന് മുന്നണിയിലെ ഭിന്നത വലിയ ആയുധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.