റിപ്പർ ചന്ദ്രൻ കേസിലെ ദൃക്സാക്ഷി വീടിനകത്ത് മരിച്ച നിലയിൽ

കാസർകോട്: റിപ്പർ ചന്ദ്രൻ കേസിലെ ദൃക്സാക്ഷിയായിരുന്ന ആൾ വീടിനകത്ത് മരിച്ച നിലയിൽ. മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്റ്റ് ശാസ്താക്ഷേത്രത്തിന് സമീപം ബാലചന്ദ്രയെയാണ് (53) മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസമായി വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് മംഗളൂരുവിലുള്ള സഹോദരി ശശികല ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മ‍ൃതദേഹം കണ്ടത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസെത്തിയാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്.

പരേതരായ നരസപ്പയ്യ ഹന്തെ-ഇന്ദിരാ ഹന്തെ ദമ്പതികളുടെ മകനായ ബാലചന്ദ്ര, ക്ഷേത്ര പൂജാരിമാരുടെ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു. ഭാരതിയാണ് മറ്റൊരു സഹോദരി. ബാലചന്ദ്രക്ക് 13 വയസ്സുള്ളപ്പോഴാണ് പിതാവ് നരസപ്പയ്യ ഹന്തയേയും ജോലിക്കാരനായ വിശ്വനാഥനെയും റിപ്പർ ചന്ദ്രൻ തലക്കടിച്ചു കൊന്നത്. മാതാവ് ഇന്ദിര ഹന്തെയെ വധിക്കാനും ശ്രമമുണ്ടായി. തലക്കടിയേറ്റ ഇന്ദിര ഏറെക്കാലം അബോധാവസ്ഥയിലായിരുന്നു. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും വാർധക്യസഹജമായ അസുഖം മൂലം മരണപ്പെട്ടു.

1985ലായിരുന്നു കൊലപാതകം നടന്നത്. വീട്ടുവരാന്തയിൽ ഉറങ്ങുകയായിരുന്നു വിശ്വനാഥനെ ആദ്യം തലക്കടിച്ചു കൊന്നു. തുടർന്ന് അകത്തു കയറി നരസപ്പയ്യ ഹന്തെയെ തലക്കടിച്ചു. ഭാര്യയേയും ആക്രമിച്ചു. കൊലപാതകം നടക്കുമ്പോൾ ബാലചന്ദ്രയും രണ്ട് സഹോദരിമാരും വീട്ടിലുണ്ടായിരുന്നു. വാമഞ്ചൂർ ഇരട്ടക്കൊലപാതകമടക്കം 14 കൊലക്കേസുകളിൽ പ്രതിയായിരുന്നു റിപ്പർ ചന്ദ്രൻ. വാമഞ്ചൂർ കൊലക്കേസിൽ ബാലചന്ദ്രയുടെ മൊഴി കണക്കിലെടുത്താണ് റിപ്പർ ചന്ദ്രന് തൂക്കു കയർ വിധിച്ചത്. മറ്റു കൊലക്കേസുകളിൽ ജീവപര്യന്തം ശിക്ഷയായിരുന്ന ലഭിച്ചത്. രാഷ്ട്രപതി ദയാഹരജി തള്ളിയതോടെ 1991ൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിപ്പർ ചന്ദ്രനെ തൂക്കിക്കൊന്നത്.

Tags:    
News Summary - Eyewitness in the Ripper Chandran case found dead inside house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.