ലോ അക്കാദമി ഭൂമി വിവാദം: റവന്യൂ വകുപ്പ് പരിശോധന നടത്തി

തിരുവനന്തപുരം: ലോ അക്കാദമി ട്രസ്റ്റിന്‍െറ ഭൂപതിവുമായി ബന്ധപ്പെട്ട പരാതികളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് അക്കാദമിയില്‍ പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സബ് കലക്ടര്‍, തഹസില്‍ദാര്‍, അസി. തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്.

അക്കാദമി അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍, ബി.ജെ.പി ദേശീയ നിര്‍വാഹകസമതി അംഗം വി. മുരളീധരന്‍, പൊതുപ്രവര്‍ത്തകന്‍ സി.എല്‍. രാജന്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യനാണ് അന്വേഷണച്ചുമതല. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച പരിശോധന നടന്നത്. വരുംദിവസങ്ങളില്‍ പരിശോധന തുടരും. അന്വേഷണ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനാണ് റവന്യൂ മന്ത്രിയുടെ നിര്‍ദേശം.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയും പി.ജെ. ജോസഫ് റവന്യൂ മന്ത്രിയുമായിരുന്ന 1984 ജൂണ്‍ 20ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ചെട്ടിവിളാകം വില്ളേജില്‍ സര്‍വേ നമ്പര്‍1342/9 എയിലും 10 എയിലും ഉള്‍പ്പെട്ട 11.29 ഏക്കര്‍ ഭൂമി അക്കാദമിക്ക് പതിച്ചുനല്‍കാന്‍ തീരുമാനിച്ചത്. അതിനുമുമ്പ് 30വര്‍ഷം ഈഭൂമി അക്കാദമിക്ക് പാട്ടത്തിന് നല്‍കിയിരുന്നു.

അതേസമയം പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും സ്ഥലം എം.എല്‍.എയുമായ കെ. മുരളീധരന്‍െറ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ലോ അക്കാദമിക്ക് മുന്നില്‍ വ്യാഴാഴ്ച ആരംഭിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷും ലോ കോളജിനുമുന്നില്‍ നിരാഹാരസമരത്തിലാണ്. എസ്.എഫ്.ഐ സമരം പിന്‍വലിച്ചതോടെ ഫെബ്രുവരി ഒന്നുമുതല്‍ ക്ളാസുകള്‍ ആരംഭിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചിരുന്നെങ്കിലും ഇതുവരെയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. 

Tags:    
News Summary - revenue dpt investigation in law academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.