സ്വകാര്യ മേഖലയില്‍ സംവരണം വേണം –ജസ്റ്റിസ് ഗോപാല്‍ ഗൗഡ


കൊച്ചി: സ്വകാര്യ മേഖലയിലും സംവരണാവകാശം വേണമെന്ന് ഒഡിഷ ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗോപാല്‍ ഗൗഡ. പൊതുമേഖലയും സ്വകാര്യ മേഖലയും ഇന്ന് ഭിന്നമല്ളെന്നും രാജ്യത്ത് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പോലും സ്വകാര്യ മേഖലയെ നിയോഗിക്കുമ്പോള്‍ അവിടെ സംവരണം വേണമെന്നത് ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ 10ാമത് അഖിലേന്ത്യ സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുത്തന്‍ സാമ്പത്തികനയങ്ങളുടെ ഭാഗമായി പൊതുമേഖല സ്വകാര്യവത്കരണത്തിന് ഒരു മന്ത്രാലയം തന്നെ രൂപവത്കരിച്ചു. കൂടുതല്‍ പരിഗണന ലഭിക്കുന്നതും നിക്ഷേപങ്ങള്‍ നടക്കുന്നതുമായ സ്വകാര്യ മേഖലയില്‍ ഈ സാഹചര്യത്തിലാണ് സംവരണം വേണ്ടിവരുന്നത്. ഇതിന് യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. 

ഭരണഘടനയില്‍ ഒരു സ്ഥാനവുമില്ലാത്ത ഭൂരിപക്ഷവാദമാണ് ഇപ്പോള്‍ രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്നത്. ന്യൂനപക്ഷങ്ങളെ രാജ്യത്തുനിന്ന് പുറന്തള്ളാനാണ് ശ്രമം. ഇത് തടയണമെന്നും രാജ്യത്തിന്‍െറ മതേതരസ്വഭാവം സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപാര്‍ട്ടികളെ ഒഴിവാക്കിയാല്‍ ജനാധിപത്യത്തിന്‍െറപേരില്‍ കച്ചവടമാണ് രാജ്യത്ത് നടക്കുന്നത്. സമ്പത്ത് നോക്കി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുകയും വോട്ട് പണം കൊടുത്ത് വാങ്ങുകയുമാണ്. രാജ്യത്തെ ജനകോടികളെ മുന്‍നിര്‍ത്തി ജനാധിപത്യം  ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രത്യേക സാമ്പത്തികമേഖലയുടെ മറവില്‍ രാജ്യത്ത് പുതിയ ഭൂപ്രഭുത്വം സ്ഥാപിക്കാനാണ് ശ്രമം. ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിഭൂമി ഏറ്റെടുത്ത് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് കൈമാറുകയാണ്. കാര്‍ഷികരംഗത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കി റിയല്‍ എസ്റ്റേറ്റ് ഭീമന്മാര്‍ ഭൂമി കൈയടക്കിയെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തില്‍ പരാമര്‍ശിക്കുന്ന ജനാധിപത്യവും മതേതരത്വവും പോലെതന്നെ പ്രധാനമാണ് തൊഴിലെടുക്കാനുള്ള അവകാശം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കടമ ഭരണഘടനയില്‍ വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍, രാജ്യത്തെ 75 ശതമാനം വരുന്ന ഗ്രാമീണ ജനത കടുത്ത തൊഴിലില്ലായ്മ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 

ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് എം.ബി. രജേഷ് എം.പി അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജനറല്‍ സെക്രട്ടറി അവോയി മുഖര്‍ജി, മഗ്സാസെ ജേതാവ് ബസ്വാഡ വില്‍സണ്‍, ഗോവിന്ദ് പന്‍സാരെയുടെ മരുമകള്‍ മേഘ പന്‍സാരെ, ഹമീദ് ധാബോല്‍ക്കര്‍, എം.എ. ബേബി, ജെ.എന്‍.യു സ്റ്റുഡന്‍റ്്സ് യൂനിയന്‍ വൈസ് പ്രസിഡന്‍റ് പി.പി. അമല്‍, ഹൈദരാബാദ് യൂനിവേഴ്സിറ്റി യൂനിയന്‍ പ്രസിഡന്‍റ് കുല്‍ദീപ് സിങ്, എഫ്.ടി.ഐ.ഐ പുണെ സ്റ്റുഡന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ഹരിശങ്കര്‍ നാച്ചിമുത്തു, പി. രാജീവ് എന്നിവര്‍ സംസാരിച്ചു. 780 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യക്കുപുറത്ത് പോര്‍ച്ചുഗലില്‍നിന്നും ക്യൂബയില്‍നിന്നും ഗ്രീസില്‍നിന്നും സൗഹാര്‍ദ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.  

Tags:    
News Summary - reservation in private sectopr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.