മഴ(പ്രതീകാത്മക ചിത്രം)

റെഡ് അലർട്ട് ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മി.മീറ്റർ മഴ ലഭിച്ചേക്കും; മേഘവിസ്ഫോടനത്തിനും മിന്നൽപ്രളയത്തിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അടുത്ത 24 മണിക്കൂറിൽ 204.4 മി.മീറ്റർ മഴ ലഭിച്ചേക്കും. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അ​ലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ജില്ലകളിൽ മേഘവിസ്ഫോടനത്തിനും​ സാധ്യതയുണ്ട്​. ഇത് ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കും. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്രകൾ പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്. റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാൻ ജില്ല കലക്ടർമാർക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.

കണ്ണൂർ-കാസർകോട്​ (വളപട്ടണം മുതൽ ന്യൂമാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) തീരങ്ങളിൽ 3.2 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മറ്റ് കേരള തീരങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ച് കാലവർഷമെത്തി. 16 വർഷത്തിനുശേഷം ആദ്യമായാണ് പ്രതീക്ഷിച്ചതിലും നേരത്തേ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തിയത്​. 2009ൽ മേയ് 23നാണ് ഇതിന് മുമ്പ് നേരത്തെ കാലവർഷമെത്തിയത്. സാധാരണ മേയ് അവസാനദിവസങ്ങളിലോ ജൂണിലോ ആണ് കാലവർഷമെത്താറ്. 2022ൽ മേയ് 29നും 2023ൽ ജൂൺ എട്ടിനും 2024ൽ മേയ് 30നും കാലവർഷമെത്തി. 1990 (മേയ് 19) ആയിരുന്നു 1975ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്.

Tags:    
News Summary - Red alert districts may receive 204.4 mm of rain in 24 hours; cloudburst and flash floods possible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.