'ഒന്നിപ്പ്'; റസാഖ് പാലേരിയുടെ കേരള പര്യടനം ഇന്ന് മുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: വംശീയതയും വിദ്വേഷവും വിതച്ച് രാജ്യത്തെ തകർത്തെറിയുന്ന സംഘ്പരിവാർ ഫാഷിസത്തെ സാമൂഹ്യ നീതിയും സാഹോദര്യവും സൗഹാർദവും ഉയർത്തി പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കണമെന്ന ആഹ്വാനത്തോടെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി നടത്തുന്ന കേരള പര്യടനം 'ഒന്നിപ്പ്' ഇന്ന് മുതൽ മൂന്ന് ദിവസം തിരുവനന്തപുരത്ത് നടക്കും. ജൂൺ 11ന് കണ്ണൂരിൽ നിന്നും ആരംഭിച്ച പര്യടനം സെപ്റ്റംബർ 3, 4, 5 തിയതികളിലാണ് ജില്ലയിലുണ്ടാവുക.

സാമൂഹ്യനീതി മുഖ്യ പ്രമേയമാക്കിയുള്ള രാഷ്ട്രീയ മുന്നേറ്റം വളർത്തിയെടുക്കാനും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സൗഹാർദവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനുമാണ് പര്യടനത്തിലൂടെ ശ്രമിക്കുന്നത്. ഇതിനായി വിപുലമായ ജനസമ്പർക്ക പരിപാടികൾ പര്യടനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

സാമൂഹ്യനീതി, സാഹോദര്യം, സൗഹാർദ്ദം, സഹവർത്തിത്വം എന്നീ ആശയങ്ങളെ രാഷ്ട്രീയമായി ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള 'ഒന്നിപ്പിന്‍റെ' സാഹചര്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി കേരള പര്യടനം നടത്തുന്നത്.

അടുത്ത മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ സാമൂഹ്യ - സാംസ്കാരിക - കലാ - സാഹിത്യ മേഖലകളിലെ പ്രധാന വ്യക്തികൾ, വിവിധ മത - സമുദായ നേതാക്കൾ, ചിന്തകർ, വാണിജ്യ മേഖലകളിലെ വ്യക്തികൾ, മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, സിനിമാ പ്രവർത്തകർ തുടങ്ങിയവരെ അദ്ദേഹം സന്ദർശിക്കും.

സാമൂഹ്യനീതിയും സഹവർത്തിത്വവും ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യനീതി സംഗമം, പത്ര സമ്മേളനം ഉൾപ്പെടെ വിവിധ പരിപാടികൾ പര്യടനത്തിന്റെ ഭാഗമായി ജില്ലയിൽ നടക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ വ്യത്യസ്ത പരിപാടികളോടെയാണ് "ഒന്നിപ്പ്" പര്യടനം ഈ മാസാവസാനത്തോടെ സമാപിക്കുക. 

Tags:    
News Summary - Razaq Paleri's Kerala tour starts today in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.