തിരുവനന്തപുരം: അരിയും ഗോതമ്പും മണ്ണെണ്ണയും വാങ്ങാൻ പോകുന്നവർക്ക് ഇനി റേഷന്‍ കടയിലെ എ.ടി.എം വഴി പണവും പിൻവലിക്കാം. കടയിലുള്ള ഇ-പോസ് (ഇലക്ട്രോണിക് പോയൻറ് ഓഫ് സെയിൽ) യന്ത്രത്തിലൂടെയാണ് പണം പിൻവലിക്കാനും നിക്ഷേപിക്കാനും സൗകര്യം ഒരുങ്ങുന്നത്.
സംസ്ഥാനത്തെ 100 റേഷൻ കടകളെ ഇത്തരത്തിൽ മിനി ബാങ്കുകളാക്കാൻ കനറ ബാങ്കുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയിൽ സർക്കാർ ധാരണയിലെത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 100 കടകളിലായിരിക്കും പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുക.
വ്യാപാരികൾക്ക് ഇതുസംബന്ധിച്ച പരിശീലനം കാനറ ബാങ്ക് അധികൃതർ നൽകും. സർക്കാറിന് സാമ്പത്തിക നഷ്ടം വരാതെയും വ്യാപാരികൾക്ക് ലാഭവും ലക്ഷ്യമിട്ടുമാണ് ‘റേഷൻകട മിനി ബാങ്ക്’ പദ്ധതിക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് മുൻകൈയെടുക്കുന്നത്. നേരത്തേ ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ ഭക്ഷ്യ പൊതുവിതരണവകുപ്പും ബാങ്ക് അധികൃതരും തമ്മിൽ നടന്നെങ്കിലും റിസർവ് ബാങ്കിെൻറ പല നിബന്ധനകളും പദ്ധതിക്ക് വിലങ്ങുതടിയായിരുന്നു. തുടർന്ന് നിരവധി ചർച്ചകൾക്കുശേഷമാണ് തിങ്കളാഴ്ച പദ്ധതി അംഗീകരിക്കാനും മുന്നോട്ടുപോകാനും ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്.
അക്കൗണ്ട് തുറക്കൽ, തുക മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റൽ, പണം പിൻവലിക്കൽ (നിശ്ചിത തുകവരെ മാത്രം), ബാലൻസ് തുക അറിയുക, ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് മൊബൈൽ പേമൻറ് സിസ്റ്റം) പെൻഷൻ തുക ലഭ്യമാക്കൽ, ഇൻഷുറൻസ് അടക്കൽ തുടങ്ങി 20ഓളം സേവനങ്ങളാണ് റേഷൻ കടകൾ വഴി ബാങ്ക് നൽകുന്നത്. മതിയായ വിദ്യാഭ്യാസയോഗ്യതയും താൽപര്യവുമുള്ള വ്യാപാരികളെയാണ് ആദ്യഘട്ടത്തിൽ ഇതിനായി തെരഞ്ഞെടുക്കുന്നത്.
ബാങ്കിങ് ഇടപാട് നടത്തുന്ന റേഷൻകടയുടമകൾക്ക് നൽകുന്ന പ്രതിഫലവും കാനറ ബാങ്ക് നിശ്ചയിച്ചിട്ടുണ്ട്. നൂറു മുതൽ 200 വരെ ഇടപാടുകൾ നടത്തുന്ന കടക്ക് മാസം 2500 രൂപ ലഭിക്കും. 200ന് മുകളിലാണെങ്കിൽ 5000 രൂപ. സേവിങ്സ് അക്കൗണ്ടിന് 20 രൂപ കടയുടമക്ക് ലഭിക്കും. താൽക്കാലിക നിക്ഷേപം, സ്ഥിര നിക്ഷേപം, ആധാർ-മൊബൈൽ നമ്പർ അക്കൗണ്ടുമായി ബന്ധപ്പെടുത്തൽ എന്നിവക്ക് അഞ്ചുരൂപ വീതം ലഭിക്കും.
പെൻഷൻ പദ്ധതികളിലേക്കുള്ള മാസവിഹിതം സ്വീകരിക്കുന്നതിന് ഒരു രൂപ. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളെ ചേർത്താൽ 30 രൂപ. അടൽ പെൻഷൻ യോജനയിലേക്ക് (എ.പി.വൈ) അംഗങ്ങളെ ചേർത്താൽ 50 രൂപ. സ്വയംസഹായ സംഘങ്ങളുടെ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട ജോലികൾക്ക് 200 രൂപ എന്നിങ്ങനെ പ്രതിഫലം ലഭിക്കും. പദ്ധതി വിജയകരമായാൽ വ്യാപിപ്പിക്കും. പദ്ധതി എങ്ങനെ നടപ്പാക്കാമെന്നും എന്നുമുതൽ ആരംഭിക്കാൻ സാധിക്കുമെന്നതിനെതിനെക്കുറിച്ച് ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ബാങ്ക് അധികൃതർക്ക് മന്ത്രി പി. തിലോത്തമൻ നിർദേശം നൽകി. ആന്ധ്രയില്‍ നിലവിൽ ഇ-പോസ് മെഷീൻ വഴി ബാങ്കിങ് സേവനങ്ങൾ കാർഡ് ഉടമകൾക്ക് നൽകുന്നുണ്ട്. റേഷൻ കടകൾ വഴി നോൺ-മാവേലി സാധനങ്ങൾ വിറ്റഴിക്കുന്ന പദ്ധതിയും ഭക്ഷ്യവകുപ്പിെൻറ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.