റേഷന്‍വിഹിതം: പഴിചാരി ഭരണ-പ്രതിപക്ഷം

തിരുവനന്തപുരം: റേഷന്‍വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതുവഴിയുണ്ടായ പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തില്‍ പരസ്പരം പഴിചാരി ഭരണ-പ്രതിപക്ഷ ബെഞ്ചുകള്‍. ഒടുവില്‍ പ്രശ്നത്തില്‍ ഇടപെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അതിനൊരു അവസാനമിട്ടത്. സംസ്ഥാനത്തിന് നിലവില്‍ കുറവുള്ള രണ്ടുലക്ഷം മെട്രിക് ടണ്‍ അരി സബ്സിഡി നിരക്കില്‍തന്നെ ലഭിക്കണമെന്നും അതിന് തങ്ങളുടെ എല്ലാ പിന്തുണയും സര്‍ക്കാറിനുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

എല്ലാവര്‍ക്കും ചേര്‍ന്ന് അതിന് ശ്രമിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച അവസാനിച്ചത്. എം. ഉമ്മറിന്‍െറ അടിയന്തരപ്രമേയ അവതരണാനുമതി തേടിക്കൊണ്ടുള്ള നോട്ടീസിന്‍െറ ചര്‍ച്ചയിലായിരുന്നു ഇത്. മറുപടി പറഞ്ഞ മന്ത്രി പി. തിലോത്തമന്‍ 16.25 ലക്ഷം മെട്രിക് ടണ്‍ അരിയില്‍നിന്ന് കേരളത്തിന്‍െറ വിഹിതം 14.25 മെട്രിക് ടണ്‍ ആക്കി കുറച്ചുള്ള കേന്ദ്രത്തിന്‍െറ കത്ത് അന്നത്തെ മന്ത്രി അനൂപ് ജേക്കബ് ഒപ്പിട്ട് വാങ്ങി ഫയലില്‍ വെച്ചെന്ന് ചൂണ്ടിക്കാട്ടിയത് ബഹളത്തിന് വഴിവെച്ചു.

ഇതുസംബന്ധിച്ച് തര്‍ക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി ഇടപെട്ടു. മുന്‍കാലങ്ങളില്‍ അധിക അലോട്ട്മെന്‍റ് ലഭിച്ചിട്ടുണ്ടായിരുന്നെന്നും ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയതോടെ അത് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പലതവണ ചൂണ്ടിക്കാട്ടിയപ്പോള്‍ എഫ്.സി.ഐയിലെ അരി സാധാരണവിലയ്ക്ക് നല്‍കാമെന്ന് മാത്രമാണ് കേന്ദ്രം അനുമതി നല്‍കിയത്. അതുപ്രകാരം ആ അരിയും എടുക്കുന്നുണ്ട്. ലഭിച്ച അരി എന്തുകൊണ്ട് സമയത്തിന് വിതരണം ചെയ്യാന്‍ കഴിയുന്നില്ളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

എഫ്.സി.ഐയിലെ കേന്ദ്രീകൃത ട്രേഡ് യൂനിയനല്ലാത്ത ഒരു സംഘടന അട്ടിമറിക്കൂലിയില്‍ വര്‍ധന ആവശ്യപ്പെട്ട് സമരം തുടങ്ങിയതുമൂലമാണെന്നും സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ അവര്‍ വഴങ്ങിയെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഭക്ഷ്യസുരക്ഷനിയമം നടപ്പാക്കിക്കഴിഞ്ഞാല്‍ അധിക അലോട്ട്മെന്‍റ് ലഭിക്കില്ളെന്നും ഓരോ സംസ്ഥാനത്തിനും അര്‍ഹതപ്പെട്ട വിഹിതം നിയമംമൂലം നിശ്ചയിക്കപ്പെട്ടിരിക്കുകയാണെന്നും മന്ത്രി തിലോത്തമന്‍ വിശദീകരിച്ചു. നിയമം വരുന്നതിനുമുമ്പുള്ള മൂന്നുവര്‍ഷം നമ്മള്‍ എടുത്ത അരിയുടെ അടിസ്ഥാനത്തിലാണെങ്കിലും കേരളത്തിന് 16.01 ലക്ഷം മെട്രിക് ടണ്‍ ലഭിക്കണം. എന്നാല്‍, നിയമം കൊണ്ടുവന്ന പ്രഫ. കെ.വി. തോമസ് കേരളത്തിന് അരി കുറക്കുകയായിരുന്നെന്നും തിലോത്തമന്‍ പറഞ്ഞു. എന്നാല്‍, തങ്ങളുടെ ഭരണകാലത്ത് ഒരുമണി അരിയുടെ കുറവുണ്ടായിട്ടില്ളെന്നായി ചെന്നിത്തല.

യു.പി.എയുടെയും ബി.ജെ.പിയുടെയും കാലത്ത് 16.25 ലക്ഷം ടണ്‍ അരി ലഭിച്ചിട്ടുണ്ടെന്നും അത് തുടരാന്‍ വേറെ നടപടിയെടുത്തോയെന്നതാണ് ചിന്തിക്കേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ പ്രശ്നത്തിന്‍െറ എല്ലാ അന്തര്‍കാര്യവും വ്യക്തമായെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 16.25 ലക്ഷം ടണ്‍ ലഭിച്ചിരുന്നു. നിയമം നടപ്പാക്കിയില്ളെങ്കില്‍ ഒരുമണി അരി നല്‍കില്ളെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ അനുസരിക്കാന്‍ നിര്‍ബന്ധിതരായി. നിയമം നടപ്പാക്കിക്കഴിഞ്ഞാല്‍ 14.25 ലക്ഷം ടണ്‍ മാത്രമേ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ration alotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.