ഗാന്ധിനഗർ: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം മെഡിക്കൽ കോളജ് നഴ്സ് രശ്മിരാജിന് (32) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തിങ്കളാഴ്ച വൈകീട്ട് ഏഴിനാണ് രശ്മി മരിച്ചത്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഗാന്ധിനഗർ പൊലീസ് പൂർത്തിയാക്കി. ഉച്ചക്ക് 12.30ന് പോസ്റ്റ്മോർട്ടം നടപടി പൂർത്തീകരിച്ച് ബന്ധുക്കളും സഹപ്രവർത്തകരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് സൂപ്രണ്ട് ഓഫിസിന് മുന്നിൽ പൊതുദർശനത്തിന് വെച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്കുമാർ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, മെഡിക്കൽ കോളജ് ആർ.എം.ഒ ഡോ. ലിജോ മാത്യു, നവജീവൻ തോമസ്, വിവിധ വകുപ്പ് മേധാവികൾ, നഴ്സിങ് ഓഫിസർ, ഹെഡ് നഴ്സുമാർ, മറ്റ് വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ, വിവിധ സർവിസ് സംഘടന ഭാരവാഹികൾ തുടങ്ങി നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
തുടർന്ന് മൃതദേഹം രശ്മിയുടെ നാടായ തിരുവാർപ്പിലേക്ക് കൊണ്ടുപോയി വീട്ടുവളപ്പിൽ സംസ്കരിച്ചു. ഡിസംബർ 29നാണ് മെഡിക്കൽ കോളജ് നഴ്സിങ് ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന രശ്മി കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തിയിൽനിന്ന് അൽഫാം ഓർഡർ ചെയ്ത് വാങ്ങിയത്. രാത്രിയോടെ വയറുവേദനയും പിന്നീട് വളറിളക്കവും ഛർദിലും അനുഭപ്പെട്ടു. മെഡിക്കൽ കോളജിൽ ചികിത്സതേടുകയായിരുന്നു. ഞായറാഴ്ച ആരോഗ്യനില മോശമായി വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴിന് മരിച്ചു. അതേസമയം, ഭക്ഷ്യവിഷബാധയേറ്റ നഴ്സ് ചികിത്സ തേടിയ വിവരം മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചിരുന്നില്ലെന്നും അതിനാൽ മരണത്തിന് മുമ്പ് രശ്മിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഗാന്ധിനഗർ പൊലീസ് പറഞ്ഞു.
മറ്റൊരു മെഡിക്കൽ കോളജ് ജീവനക്കാരികൂടി ചികിത്സയിൽ
ഗാന്ധിനഗർ (കോട്ടയം): ഭക്ഷ്യവിഷബാധയെത്തുടർന്ന് മറ്റൊരു മെഡിക്കൽ കോളജ് ജീവനക്കാരികൂടി ചികിത്സയിൽ. കോട്ടയം മെഡിക്കൽ കോളജിലെ വനിത നഴ്സിങ് അസിസ്റ്റന്റാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
കഴിഞ്ഞ 29ന് സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തിയിൽനിന്ന് ഇവർ അൽഫാം കഴിച്ചിരുന്നു. തുടർന്ന് വയറിളക്കവും ഛർദിയും ഉണ്ടായതോടെ ഇവർ മെഡിക്കൽ കോളജിൽനിന്ന് മരുന്ന് വാങ്ങി കഴിക്കുകയുമായിരുന്നു. തിങ്കളാഴ്ച രാത്രി ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരുന്ന നഴ്സ് മരിച്ചതോടെ ഭീതിയിലായ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.