ഫാ. റോബിന്‍ വടക്കഞ്ചേരി പിടിക്കപ്പെട്ടത് വിദേശത്തേക്ക് കടക്കാനുള്ള തയാറെടുപ്പിനിടെ

മാനന്തവാടി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരി പിടിക്കപ്പെട്ടത് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ. പീഡന വിവരം അറിഞ്ഞ് പൊലീസ് അന്വേഷണം നടത്തുന്നുവെന്ന് മനസ്സിലാക്കിയ ഇദ്ദേഹം പള്ളിയില്‍​വെച്ച് കുര്‍ബാനക്കിടെ ചാലക്കുടിയില്‍ ധ്യാനത്തിന് പോവുകയാണെന്നും അവിടെ നിന്ന് കാനഡയിലേക്ക് പോകുമെന്നും വിശ്വാസികളെ അറിയിച്ചിരുന്നു.

ഇതിന്‍െറ അടിസ്ഥാനത്തില്‍ മൂന്നുദിവസം മുമ്പ് പള്ളിയില്‍നിന്ന് പോവുകയും കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. ചാലക്കുടിയില്‍ ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് തന്ത്രപരമായി വലയിലാക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ നിരവധി തവണ പരാതി ഉയര്‍ന്നിട്ടും രൂപത നേതൃത്വം നടപടിക്ക് തയാറായിരുന്നില്ല.

മാനന്തവാടി രൂപത കോര്‍പറേറ്റ് മാനേജര്‍, ഇന്‍ഫാം ഡയറക്ടര്‍, തുടങ്ങിയ ചുമതലകള്‍ നല്‍കി ഉന്നത സ്ഥാനങ്ങളില്‍ ഇരുത്താനാണ് നേതൃത്വം ശ്രമിച്ചത്. ഇതിന്‍െറ ഭാഗമായി  ജീവന്‍ ടി.വി ഡയറക്ടര്‍, ദീപിക ദിനപത്രം മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളിലേക്ക് ഫാ. റോബിനെ അവരോധിച്ചതും സഭ നേതൃത്വം തന്നെയായിരുന്നു. കോര്‍പറേറ്റ് മാനേജരായിരിക്കെ അധ്യാപക നിയമനങ്ങള്‍ക്കുള്ള കോഴ കുത്തനെ കൂട്ടിയും നിയമനങ്ങളില്‍ സാമ്പത്തികത്തിന് മാത്രം പ്രാധാന്യം നല്‍കിയെന്നും പരാതിയുണ്ട്​.

ദീപിക പത്രം സഭയുടെ കൈയില്‍നിന്ന് പോയപ്പോഴും അതേറ്റെടുത്ത വ്യവസായിയായ ഫാരിസ് അബൂബക്കറിനൊപ്പം ഫാ. റോബിന്‍ കൂടെനിന്ന് കച്ചവടക്കാരനായി മാറി. സഭാ വിശ്വാസികള്‍ക്കിടയില്‍ ഇത് വലിയ അതൃപ്തിക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. കര്‍ണാടകയിലെ നഴ്സിങ് കോളജില്‍ പഠിക്കാനായി കൊണ്ടുപോയ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തും നേരത്തേ ഇയാള്‍ വിവാദ നായകനായിരുന്നു.

ഇതിനായി കര്‍ണാടകയില്‍ രണ്ട്  നഴ്സിങ് സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. രാത്രി കാലങ്ങളില്‍ മാത്രമായിരുന്നു പെണ്‍കുട്ടികളോടൊപ്പം കര്‍ണാടകയാത്ര. മാനന്തവാടി രൂപതയില്‍പ്പെട്ട മറ്റൊരു വൈദികനും ഇദ്ദേഹത്തെ സഹായിച്ചിരുന്നുവെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്.

 

Tags:    
News Summary - rape case accuse Father Robin Vadakkanchery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.