ആലപ്പുഴ: അഴിമതിക്ക് കൈയും കാലും വെച്ചാൽ മുഖ്യമന്ത്രി പിണറായി വിജയനാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ അഴിമതിയ്ക്കെതിരെ സംസാരിക്കുന്നത് ചെകുത്താൻ വേദം ഓതുന്നതിന് തുല്യമാണ്. ചിലർക്ക് ചില ജന്മവാസനകളുണ്ടാകും. പുള്ളിപ്പുലിയുടെ പുള്ളി പോലെ അത് എത്ര മാറ്റിയാലും മാറില്ലെന്നും ചെന്നിത്തല പറഞ്ഞു.
വൈദ്യുതി മന്ത്രി ആയിരിക്കുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയ്ക്ക് നേതൃത്വം കൊടുത്ത ആളാണ് പിണറായി. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ എന്നീ മൂന്നു ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനു വേണ്ടിയുള്ള കരാറിൽ 374 കോടി രൂപയുടെ അഴിമതി കേസിലെ ഒൻപതാമത്തെ പ്രതിയാണ് ഇന്നത്തെ മുഖ്യമന്ത്രി. പഴയ കാര്യങ്ങളൊക്കെ ആളുകൾ മറന്നു പോയി എന്നാണ് അദ്ദേഹം കരുതുന്നത്. ലാവ്‌ലിൻ കേസ് ഇപ്പോഴും സുപ്രീം കോടതിയിൽ നിലനിൽക്കുകയാണ്. 28 തവണയാണ് സിബിഐ തന്നെ ഇടപെട്ട് സുപ്രീം കോടതിയിൽ മാറ്റിവെച്ചത്. പിണറായി വിജയന് ബിജെപിയിലുള്ള സ്വാധീനമാണ് ഇതിലൂടെ പുറത്തു വരുന്നത്.
ബ്രൂവറി, സ്പ്രിംക്ലെർ, പമ്പ മണൽക്കടത്ത്, കെ ഫോൺ, ഇ - മോബിലിറ്റി, ആഴക്കടൽ ഇങ്ങനെ പുറത്തു വന്ന എല്ലാ അഴിമതിയും ചെന്ന് നിൽക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. ഞാൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിരന്തരം ഉന്നം വെയ്ക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പരാതി. കേരളത്തിൽ നടക്കുന്ന എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ് . അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെപ്പറ്റി പറയുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ് സ്വർണക്കടത്ത് നടന്നതെന്നാണ് പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി. ഇ ഡി ഹൈക്കോടതിയിൽ ഇത് തെളിവായി കൊടുത്തിരിക്കുകയാണ്. ആദ്യം തൊട്ടു തന്നെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ കള്ളമായിരുന്നു.
സ്വപ്നയെ മുഖ്യമന്ത്രിയ്ക്ക് നല്ലതു പോലെ പരിചയമുണ്ടായിരുന്നിട്ടും ഏതോ ഒരു സ്ത്രീ എന്ന നിലയിലാണ് മുഖ്യമന്ത്രി പത്രസമ്മേളനങ്ങളിൽ പറഞ്ഞിരുന്നത്. സ്വന്തം വകുപ്പിന് കീഴിൽ കള്ള സർട്ടിഫിക്കറ്റുമായി രണ്ടു ലക്ഷം രൂപ ശമ്പളത്തിൽ ജോലി ചെയ്തത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നാണ് പറഞ്ഞത്. എന്നാൽ എല്ലാം മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുന്നു എന്നാണ് സ്വപ്നയുടെ മൊഴി.
കേരളത്തിൽ അഴിമതിക്കേസുകൾ കുറഞ്ഞിരിക്കുകയാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിന് അദ്ദേഹം നന്ദി പറയേണ്ടത് ചിരകാല സുഹൃത്തായ നരേന്ദ്ര മോദിയോടാണ്. അഴിമതി നിരോധന നിയമത്തിൽ മോദി വെള്ളം ചേർത്തത് കൊണ്ടാണ് കേരളത്തിൽ അഴിമതിക്കേസുകളുടെ എണ്ണം കുറഞ്ഞത്.
പമ്പാ മണൽക്കടത്ത് കേസ് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു ഞാൻ വിജിലൻസ് കോടതിയിൽ പരാതി നൽകിയിരുന്നു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ ഹൈക്കോടതിയിൽ പോയി അന്വേഷണം സ്റ്റേ ചെയ്യിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. ആ കാലാവധി പൂർത്തിയായപ്പോൾ വീണ്ടും രണ്ടു മാസത്തേക്ക് ഹൈക്കോടതിയിൽ നിന്ന് സർക്കാർ സ്റ്റേ വാങ്ങി.
അഴിമതിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയെ കടത്തി വെട്ടുന്നയാളാണ് സ്പീക്കർ. അദ്ദേഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ കേരളം വിലയിരുത്തട്ടെ. സ്പീക്കറെ നീക്കണം എന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. രണ്ടു പേരും ചേർന്നാണ് ഇതെല്ലാം ചെയ്തത് എന്നത് കൊണ്ടാണ് മുഖ്യമന്ത്രി സ്‌പീക്കറെ സംരക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.