സംസ്ഥാനത്ത് ഭരണസ്തംഭനം; സെക്രട്ടേറിയറ്റ് നിശ്ചലം –ചെന്നിത്തല

മൂവാറ്റുപുഴ: സംസ്ഥാനത്ത് ഭരണം പൂര്‍ണമായി സ്തംഭിച്ചുവെന്നും സെക്രട്ടേറിയറ്റ് നിശ്ചലമായെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഐ.എ.എസ്,  ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പടലപ്പിണക്കവും അഭിപ്രായവ്യത്യാസവും കാരണം സംസ്ഥാനത്തൊന്നും നടക്കുന്നില്ല. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് തുടങ്ങിയവര്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് ശരിയാക്കുകയാണ് -അദ്ദേഹം കുറ്റപ്പെടുത്തി.
കേരള കോണ്‍ഗ്രസ് നേതാവ് ടി.എം.ജേക്കബിന്‍െറ  അഞ്ചാം  ചരമവാര്‍ഷിക അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. റേഷന്‍ വിതരണം താറുമാറായി. മന്ത്രിയായിരുന്നപ്പോള്‍ ടി.എം.ജേക്കബിന് ഒരാഴ്ചകൊണ്ട് റേഷന്‍കാര്‍ഡ് വിതരണം ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍, ഇപ്പോള്‍ ജനങ്ങള്‍ കാര്‍ഡിനായി നേട്ടോട്ടമോടുന്നു.
ഉന്നത ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ടി.എം.ജേക്കബ് നല്ല നിയമസഭാ സാമാജികനും നല്ല വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. അദ്ദേഹം കൊണ്ടുവന്ന പ്രീഡിഗ്രി ബോര്‍ഡ് പിന്നീട് ഇടതു സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറിയായി അവതരിപ്പിച്ചു -അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണിനെല്ലൂര്‍ അധ്യക്ഷതവഹിച്ചു. അനൂപ് ജേക്കബ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.  ഡി.സി.സി പ്രസിഡന്‍റ് വി.ജെ. പൗലോസ്, ജോസഫ് വാഴക്കന്‍,  എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിന്‍സന്‍റ് ജോസഫ്, ജില്ലാ ബാങ്ക് പ്രസിഡന്‍റ് എന്‍.പി. പൗലോസ്, എ.മുഹമ്മദ് ബഷീര്‍, ജോയി മാളിയേക്കല്‍, കെ.എം. അബ്ദുല്‍ മജീദ്, ഷിബു തെക്കുംപുറം, പി.പി. എല്‍ദോസ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എന്‍.പി.തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.