തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി ഭരണം പിടിച്ച തിരുവനന്തപുരം കോർപറേഷൻ മേയറും പാർട്ടി ടിക്കറ്റിൽ ജയിച്ച കൗൺസിലർമാരും മറ്റ് തദ്ദേശ ജനപ്രതിനിധികളും ഡൽഹി സന്ദർശനത്തിന് തിരിച്ചു. എന്നാൽ, കൗണ്‍സിലര്‍മാരായ ആര്‍. ശ്രീലേഖ, എം.ആര്‍. ഗോപന്‍ എന്നിവര്‍ യാത്രക്ക് എത്തിയില്ല.
ട്രെയിൻ യാത്ര പ്രയാസകരമാണെന്ന കാരണം പറഞ്ഞാണ് ശ്രീലേഖ യാത്രയിൽ നിന്ന് വിട്ടുനിൽക്കുന്നത്. മേയർ പദവിയിലേക്ക് പരിഗണിക്കാതിരുന്നതുമുതൽ അതൃപ്തിയിലായിരുന്ന ശ്രീലേഖ ഡൽഹി യാത്രയിൽ നിന്ന് വിട്ടുനിൽക്കുന്നതും പാർട്ടിയിൽ ഉൾപ്പെടെ ചർച്ചയായി.
ബി.ജെ.പി കേന്ദ്ര നേതൃത്വം നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കാനാണ് മേയറും കൗൺസിലർമാരും മറ്റ് തദ്ദേശ ജനപ്രതിനിധികളും ഡൽഹിയിലേക്ക് പുറപ്പെട്ടത്. തലസ്ഥാനത്തുനിന്നും 50 അംഗസംഘമാണ് പുറപ്പെട്ടത്.
14 പേരാണ് തിരുവനന്തപുരത്തുനിന്നും പോകാൻ ആദ്യം തീരുമാനിച്ചത്. ഈ പ്രായത്തിൽ ഇത്രയും വലിയ യാത്ര കേരള എക്സ്പ്രസിൽ നടത്താൻ പ്രയാസമാണ് എന്ന് പറഞ്ഞു. ഫ്ലൈറ്റിൽ വേണമെങ്കിൽ പോകാമെന്ന് ഓഫർ ഉണ്ടായിരുന്നു. പക്ഷേ ഞാൻ പറഞ്ഞു എന്തിനാണ് വെറുതെ കാശ് കളയുന്നതെന്ന്... -ശ്രീലേഖ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് നടത്തുന്ന യാത്രയിൽ തലസ്ഥാനത്തിന്റെ വികസനം അടക്കം അവതരിപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.