യു.ഡി.എഫ് സീറ്റ് വിഭജനം; രണ്ടാം റൗണ്ട് ചർച്ച ഇഴയുന്നതിൽ അതൃപ്തി

തിരുവനന്തപുരം: സീറ്റ് വിഭജനകാര്യത്തിൽ യു.ഡി.എഫിലെ രണ്ടാം റൗണ്ട് ചർച്ചകൾ ഇഴയുന്നതിലും ധാരണ വൈകുന്നതിലും ഘടകകക്ഷികൾക്ക് അതൃപ്തി. സീറ്റെണ്ണത്തിലും വെച്ചുമാറ്റത്തിലും തീരുമാനമാകാത്തതാണ് ചർച്ചകൾക്ക് വേഗം കുറയാൻ കാരണം. സീറ്റ് വിഭജനം നീളുന്നത് മണ്ഡലത്തിൽ സജീവമാകാനുള്ള സമയം കുറക്കുമെന്ന ആശങ്കയാണ് ഘടകകക്ഷികളിൽ പലർക്കും.

സീറ്റെണ്ണത്തിൽ ധാരണയായെങ്കിലും ഏതെല്ലാമെന്നതിൽ ഉറപ്പായില്ല. ‘ചെടി നട്ടിട്ട് വേര് മുളക്കുന്നുണ്ടോ’എന്ന് നോക്കി കാത്തിരിക്കുകയാണെന്നായിരുന്നു ഒരു ഘടകക്ഷി നേതാവിന്റെ ഇതുസംബന്ധിച്ച പ്രതികരണം. ഹൈകമാൻഡ് നിർദേശപ്രകാരം പല തട്ടുകളിൽ നടക്കുന്ന സർവേകളാണ് സീറ്റ് ധാരണ വൈകിപ്പിക്കുന്നതെന്ന വിമർശനവുമുണ്ട്. ജനുവരി അവസാനത്തോടെ സീറ്റ് വിഭജനം പൂർത്തിയാക്കാനായിരുന്നു യു.ഡി.എഫിലെ ധാരണയെങ്കിലും നിലവിലെ സാഹചര്യത്തിൽ ഫെബ്രുവരി പകുതി പിന്നിടുമെന്നാണ് വിവരം.

അതേസമയം സീറ്റ് വിഭജനം തന്ത്രപരമായ കാരണങ്ങളാൽ വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിക്കുന്നു. 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥികളെ തീരുമാനിക്കാൻ മുന്നണിക്ക് സാധിക്കുമെന്നും ഗ്രൂപ്പ് തർക്കങ്ങളില്ലാത്തതിനാൽ പട്ടിക തയാറാക്കൽ എളുപ്പമാണെന്നും അദ്ദേഹം പറയുന്നു. മുസ്ലിം ലീഗിന്റെ സീറ്റെണ്ണത്തിൽ ധാരണയായെങ്കിലും തിരുവമ്പാടിയും കോങ്ങാടും ഗുരുവായൂരുമടക്കം വെച്ചുമാറ്റത്തിൽ സമവായമായില്ല.

ജോസഫുമായുള്ള ചർച്ചകളിൽ സീറ്റെണ്ണത്തിൽ കീറാമുട്ടി തുടരുകയാണ്. രണ്ട് മുന്നണികളിലാണെങ്കിലും മാണി കോൺഗ്രസിനെക്കാൾ സീറ്റെണ്ണത്തിൽ ജോസഫ് ഗ്രൂപ്പാണ് മുന്നിൽ. ഒരു എം.പിയടക്കം പാർട്ടിക്ക് അഞ്ചുവർഷത്തിനിടെ വലിയ വളർച്ചയുണ്ടായി. ഈ സാഹചര്യത്തിൽ നേരത്തേയുള്ളതിനെക്കാൾ കുറഞ്ഞ സീറ്റുകളിൽ മത്സരിക്കുന്നതെങ്ങനെയെന്നാണ് ജോസഫ് ഗ്രൂപ്പിന്‍റെ ചോദ്യം.

ഇരവിപുരം, ചവറ, കുന്നത്തൂർ സീറ്റുകൾക്കൊപ്പം കൊല്ലം സീറ്റിൽകൂടി ആർ.എസ്.പിക്ക് കണ്ണുണ്ട്. വിജയസാധ്യത കുറഞ്ഞ മട്ടന്നൂർ, ആറ്റിങ്ങൽ സീറ്റുകൾ വിട്ടുനൽകാൻ ആർ.എസ്.പി സന്നദ്ധത അറിയിച്ചെങ്കിലും കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം സീറ്റ് വേണമെന്ന ആവശ്യം സി.എം.പി മുന്നോട്ടുവെച്ചിരുന്നു. ഒരു സീറ്റ് എന്നത് കോൺഗ്രസ് പറയുന്നുണ്ടെങ്കിലും അത് ഏത് എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. വിജയസാധ്യതയുള്ള സീറ്റാകും സി.പി. ജോണിനായി കോൺഗ്രസ് നീക്കിവെക്കുക. 

Tags:    
News Summary - UDF seat sharing; Dissatisfaction with the second round of discussions dragging on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.