ലൈംഗികാതിക്രമ കേസ്; പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ മുൻ എം.എൽ.എയും സിനിമ നിർമാതാവുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തത്.

2025 നവംബറിലാണ് മുഖ്യമന്ത്രിക്ക് യുവതി കുഞ്ഞുമുഹമ്മദിനെതിരെ പരാതി സമർപ്പിക്കുന്നത്. തലസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ക്രീനിങ്ങിന്‍റെ ഭാഗമായി ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ട തന്നോട് അവിടെ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ചലച്ചിത്ര പ്രവർത്തകർ ഉൽപ്പെടെ ആറ് സാക്ഷികളാണുള്ളത്.

കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദമുണ്ടെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. കുഞ്ഞുമുഹമ്മദിന്‍റെ പ്രായം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ പരിഗണിച്ച് കേസിൽനിന്ന് പിൻമാറണമെന്നാണ് ഇടനിലക്കാർ മുഖേനയുള്ള ആവശ്യംമെന്ന് അവർ പറഞ്ഞു. തുടക്കം മുതൽ പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പമാണെന്നും പരാതി നൽകിയിട്ടും പലതവണ പൊലീസിൽ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ലെന്നും യുവതി ആരോപിച്ചു.

മാധ്യമങ്ങളിൽ വാർത്ത വന്ന ശേഷമാണ് കേസെടുത്തതെന്നും അറസ്റ്റും അന്വേഷണവും ഉൾപ്പെടെ ഒഴിവാക്കി മുൻകൂർ ജാമ്യം കിട്ടുംവരെ പ്രതിക്ക് സമയം അനുവദിച്ചെന്നും അതിജീവിത കുറ്റപ്പെടുത്തി. നവംബർ 27ന് മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയിൽ കേസെടുക്കാൻ തയാറായത് ഡിസംബർ എട്ടിന് മാത്രമാണ്. 

Tags:    
News Summary - Sexual assault case: Chargesheet filed against PT Kunjumuhammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.