എന്‍. വാസു
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ കമീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസുവും പുറത്തേക്ക്. കേസിലെ മൂന്നാം പ്രതിയായ വാസു കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതിനാല്‍ തിങ്കളാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ചൊവ്വാഴ്ച വിശദ വാദം കേള്‍ക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം നാലു പ്രതികള്‍ ഇതിനകം ജാമ്യം നേടി പുറത്തിറങ്ങി. പ്രത്യേക അന്വേഷണ സംഘം 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാലാണ് ഇവർക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്.
കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം അവകാശമാണെന്നും അത് അനുവദിക്കണമെന്നും വാസു ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടു. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ പത്മകുമാറിന്റെ കസ്റ്റഡി കാലാവധി ഈ മാസം 20ന് 90 ദിവസം പൂര്‍ത്തിയാകും.
അതിനിടെ, തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഹരജിയില്‍ കൊല്ലം വിജിലന്‍സ് കോടതി തിങ്കളാഴ്ച വാദം കേട്ടു. വിധി പിന്നീട് പറയാന്‍ മാറ്റി. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും നൽകിയ രണ്ട് ജാമ്യാപേക്ഷകളിൽ ഒരുമിച്ചാണ് വാദംകേട്ടത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും പങ്കില്ലെന്നും അചാരങ്ങള്‍ പാലിച്ച് മാത്രം പ്രവര്‍ത്തിച്ചയാളാണെന്നും തന്ത്രി കോടതിയില്‍ വാദിച്ചു. എന്നാല്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെ സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് എസ്.ഐ.ടിയും വാദിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും എസ്.ഐ.ടി കോടതിയില്‍ സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.