പിണറായി സര്‍ക്കാര്‍ നിഷ്ക്രിയത്വത്തിന്‍െറ തടവറയില്‍ –ചെന്നിത്തല

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ നിഷ്ക്രിയത്വത്തിന്‍െറ തടവറയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്പരം പാലൂട്ടുന്ന ശക്തികളായി സി.പി.എമ്മും ബി.ജെ.പിയും മാറിയെന്നും നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ അദ്ദേഹം ആരോപിച്ചു. എല്ലാ വകുപ്പുകളിലും ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. പദ്ധതിനിര്‍വഹണത്തിലെ പാളിച്ച ഭരണത്തകര്‍ച്ചയുടെ സാക്ഷ്യമാണ്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. സദാചാര പൊലീസിനെ ഭയന്ന് കഴിയേണ്ട സ്ഥിതിയിലാണ് ജനം. ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലടിക്കുന്നു.

സംസ്ഥാന ചരിത്രത്തിലാദ്യമായി ഐ.എ.എസുകാര്‍ കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചു. തോന്നുംപടി പ്രവര്‍ത്തിക്കേണ്ടയാളല്ല വിജിലന്‍സ് ഡയറക്ടര്‍. ചട്ടവും നിയമവും ബാധകമാണ്. അന്വേഷണം പോലും നടത്തുംമുമ്പ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടതിനാലാണ് ഹൈകോടതിയെ സമീപിക്കേണ്ടിവന്നത്. കഴിഞ്ഞതവണ പ്രഖ്യാപിച്ച കാര്യങ്ങള്‍തന്നെയാണ് ഇത്തവണയും നയപ്രഖ്യാപനത്തില്‍ ഗവര്‍ണറെക്കൊണ്ട് പറയിപ്പിച്ചത്.

പ്രതിപക്ഷത്തെ വിമര്‍ശിക്കുന്ന വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടി അച്ചടക്കത്തിന്‍െറ അതിര്‍ത്തിയില്‍ നില്‍ക്കുന്നത് നല്ലതാണ്. ഭരണ പരിഷ്കാര കമീഷന്‍ അധ്യക്ഷനായ അദ്ദേഹത്തിന് ശമ്പളവും ഓഫിസും നല്‍കണം. അന്ധമായ കോണ്‍ഗ്രസ് വിരോധം സി.പി.എം ഉപേക്ഷിക്കണം. സംഘ്പരിവാര്‍-ബി.ജെ.പി വര്‍ഗീയതയെ ശക്തമായി നേരിടാന്‍ കഴിയുന്നത് കോണ്‍ഗ്രസിന് മാത്രമാണ്. ബി.ജെ.പിയെ ശക്തിപ്പെടുത്തുന്ന സമീപനമാണ് സി.പി.എമ്മിന്‍േറത്. സംഘ്പരിവാര്‍ നേതാക്കള്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടും സര്‍ക്കാര്‍ കേസെടുക്കാന്‍ തയാറാകുന്നില്ല.
സങ്കുചിത രാഷ്ട്രീയത്തിനപ്പുറം ജനാധിപത്യ മതേതര മുന്നേറ്റമാണ് കോണ്‍ഗ്രസ് നയമെന്നും ചെന്നിത്തല വ്യക്തമാക്കി. കേരളവുമായി സഹകരിക്കാന്‍ തയാറല്ലാത്തവര്‍ കേന്ദ്രം ഭരിക്കുന്ന സാഹചര്യത്തില്‍ കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ നിഷേധാത്മക സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് എസ്. ശര്‍മ ആരോപിച്ചു. ഒരേസമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ യു.ഡി.എഫ് നടത്തുന്ന സമരം കേന്ദ്രസര്‍ക്കാറിനെ വെള്ളപൂശാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തുല്യനീതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഒ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി. നിയമപരിപാലനം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പക്ഷപാതം കാട്ടുന്നു. എല്ലാറ്റിനും കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജു എബ്രഹാം, അന്‍വര്‍ സാദത്ത്, സി.കെ. ആശ, മോന്‍സ് ജോസഫ്, കെ. കൃഷ്ണന്‍കുട്ടി, എ.എന്‍. ഷംസീര്‍, അനൂപ് ജേക്കബ്, ഇ.കെ. വിജയന്‍, സി.കെ. ശശീന്ദ്രന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    
News Summary - ramesh chennithala slams pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.