'എന്തൊക്കെ തുഗ്ലക് പരിഷ്കാരങ്ങളാണ്, പണ്ടൊക്കെ എഴുത്തോലയിലാണ് കുട്ടികൾ പഠിച്ചിരുന്നത്; ജയിച്ചോ എന്ന് അറിയാതെയാണോ പാഠപുസ്തകം കൊടുക്കുന്നത് -രമേശ് ചെന്നിത്തല

ആലപ്പുഴ: സംസ്ഥാനത്ത് പാഠപുസ്തകം നേരത്തെ അടിക്കുന്നത് തുഗ്ലക് പരിഷ്കാരമെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ രമേശ് ചെന്നിത്തല. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അടുത്ത ക്ലാസിലേക്ക് ജയിച്ചോ ഇല്ലയോ എന്ന് അറിയാതെയാണോ പാഠപുസ്തകം കൊടുക്കുന്നതെന്നും കുട്ടികൾ ജയിച്ചോ എന്ന് തീരുമാനിക്കുന്നത് ശിവൻകുട്ടിയാണോ എന്നും അദ്ദേഹം ചോദിച്ചു.

'അടുത്ത ക്ലാസിലേക്ക് ജയിച്ചോ ഇല്ലയോ എന്ന് അറിയാതെയാണോ പാഠപുസ്തകം കൊടുക്കുന്നത്. എട്ടാം ക്ലാസിലെ വിദ്യാർഥി ഒമ്പതാം ക്ലാസിലേക്ക് ജയിച്ചോ എന്ന് തീരുമാനിക്കുന്നത് ശിവൻകുട്ടിയാണോ? പരീക്ഷാ പേപ്പർ നോക്കണ്ടേ അതിന്? എന്തൊക്കെ തുഗ്ലക് പരിഷ്കാരങ്ങളാണ്. പുസ്തകം നേരത്തെ അടിച്ചെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ്. പുസ്തകം അടിക്കുന്നത് ഭരണനേട്ടമാണോ? കേരളത്തിൽ ഇതുവരെ നേരത്തെ പുസ്തകം അടിച്ചിട്ടില്ലേ? പണ്ടൊക്കെ എഴുത്തോലയിലാണ് കുട്ടികൾ പഠിച്ചോണ്ടിരുന്നത്' -എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രചാരണം രമേശ് ചെന്നിത്തലയാണ് നയിക്കുന്നത്. ഡോ. ശശി തരൂര്‍ എം.പിയാണ് വൈസ് ചെയര്‍മാന്‍. ഷാഫി പറമ്പില്‍ എം.പിയാണ് കണ്‍വീനര്‍. പ്രചാരണ സമിതി അംഗങ്ങളായി ഹൈബി ഈഡന്‍ എം.പി, റോജി എം. ജോണ്‍ എം.എല്‍.എ, സി.ആര്‍. മഹേഷ് എം.എല്‍.എ, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വര്‍ഗീസ് എന്നിവരെയും നിയോഗിച്ചു. പ്രകടന പത്രിക തയാറാക്കുന്ന സമിതിയുടെ അധ്യക്ഷനായി ബെന്നി ബഹനാന്‍ എം.പിയെ നിയോഗിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് വൈസ് ചെയര്‍മാന്‍, എം.പിമാരായ ഡീന്‍ കുര്യാക്കോസും ജെബി മേത്തറും സമിതി അംഗങ്ങളാണ്.

Tags:    
News Summary - ramesh chennithala school textbooks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.