മാധ്യമങ്ങളെ ഉപയോഗിച്ച് സർക്കാർ ജനവികാരം അട്ടിമറിക്കുന്നുവെന്ന് ചെന്നിത്തല

കാസർകോട്: ഇടത് സർക്കാറിനെതിരായ ജനവികാരം അട്ടിമറിക്കാൻ മാധ്യമങ്ങളെ ഉപയോഗിച്ച് ശ്രമം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ പ്രധാന മാധ്യമങ്ങൾ ഏകപക്ഷീയമായി പെരുമാറുന്നു. സ്ഥാനാർഥികളും നാമനിർദേശപത്രികയും വരും മുമ്പേയാണ് പല സർവേകളും നടന്നതെന്നും ചെന്നിത്തല പറഞ്ഞു.

ജനാധിപത്യ സംവിധാനത്തിൽ ഭരണകക്ഷിയും പ്രതിപക്ഷവും അനിവാര്യമായ ഘടകങ്ങളാണ്. ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും തുല്യ ഇടം കൊടുക്കണം. അത് ജനാധിപത്യ മര്യാദയാണ്. അതുപോലും ലംഘിച്ച് ഏകപക്ഷീയ പ്രചരണങ്ങളാണ് ചില പത്ര, ദൃശ്യ മാധ്യമങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്. സ്ഥാനാർഥിയും നാമനിർദേശപത്രികയും വരുന്നതിന് മുമ്പ് സർക്കാറിനെതിരായ ജനവികാരത്തെ അട്ടിമറിക്കാൻ ബോധപൂർവമായ നീക്കം നടത്തുന്നു.

മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തയാറാക്കിയ കിഫ്ബി സർവെയാണിത്. 200 കോടി രൂപയുടെ പരസ്യമാണ് സർക്കാറിന്‍റെ അവസാന കാലത്ത് നൽകിയത്. മാധ്യമങ്ങൾക്ക് സർക്കാർ പരസ്യം നൽകുന്നതിൽ എതിരല്ല. എന്നാൽ, അതിന്‍റെ പേരിൽ ഏകപക്ഷീയ നിലപാടുകൾ സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ആപൽകരമാണ്. രാജ്യത്ത് നരേന്ദ്ര മോദിയും ഇതുതന്നെയാണ് ചെയ്യുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മാധ്യമങ്ങളെ വിലക്ക് വാങ്ങുക, കോർപറേറ്റുകളെ ഉപയോഗിച്ച് അവരെ നിശബ്ദരാക്കുക, എതിരഭിപ്രായം പുറത്ത് വരാതിരിക്കുക എന്നീ നിലപാടുകൾ പിണറായിയും സ്വീകരിക്കുന്നു. ഇതിനാണ് വ്യാജ സർവെകൾ നടത്തി യു.ഡി.എഫിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത്. സർക്കാറിന്‍റെ പണക്കൊഴുപ്പിനെ മാത്രമല്ല, ചില മാധ്യമങ്ങളുടെ കല്ലേറിനെയും യു.ഡി.എഫിന് നേരിടേണ്ടി വരുന്നു. ഇത് കേരളത്തിലെ ജനങ്ങൾ മനസിലാക്കണം. ജനാധിപത്യത്തിൽ മാധ്യമപ്രവർത്തകർക്ക് ഒരു ധർമ്മമുണ്ട്. മാധ്യമ ധർമ്മം ബലികഴിക്കപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ചോദ്യങ്ങൾ സർക്കാറിന് അനുകൂലമായി പടച്ചുണ്ടാക്കുന്നു. ഇതൊരു അജണ്ടയാണ്. ജനങ്ങളുടെ മുന്നിൽ ഈ സർക്കാറിന് ഒരു റേറ്റിങ്ങുമില്ല. മാധ്യമങ്ങൾ മനഃപൂർവം റേറ്റിങ് വർധിപ്പിക്കാൻ ശ്രമിച്ചാൽ അത് അനീതിയാണ്. സർവേകളിൽ യു.ഡി.എഫിന് വിശ്വാസമില്ലെന്നും തള്ളിക്കളയുന്നതായും ചെന്നിത്തല പറഞ്ഞു. 

സർവേകളിൽ പ്രതിപക്ഷ നേതാവിനെ ബോധപൂർവം കരിവേരിത്തേച്ച് കാണിക്കാൻ ശ്രമം നടക്കുന്നു. വ്യക്തിപരമായി അതിൽ തനിക്ക് പരാതിയില്ല. സർക്കാറിനെതിരായ തെളിവുകൾ സഹിതം താൻ ഉന്നയിച്ച ആരോപണങ്ങൾ വളച്ചൊടിക്കാൻ സർേവകളിൽ ബോധപൂർവം ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Tags:    
News Summary - Ramesh Chennithala says government is using media to subvert public sentiment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.