തിരുവനന്തപുരം: വോട്ടർപട്ടികയിൽ വ്യാപക കള്ളവോട്ട് ചേർത്തെന്ന ആരോപണവുമായി പ്രതിപക്ഷം. സംസ്ഥാനത്തെ ഏഴു മണ്ഡലങ്ങളിെല കള്ളവോട്ട് സംബന്ധിച്ച തെളിവുകളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടു. പിന്നീട്, ചീഫ് ഇലക്ടറൽ ഒാഫിസറെ സന്ദർശിച്ച ചെന്നിത്തല, സംഭവത്തിൽ സമഗ്രാന്വേഷണവും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമാവശ്യപ്പെട്ട് കത്ത് നൽകി.
തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് സംഘടിതമായി ഒാരോ മണ്ഡലത്തിലും ആയിരക്കണക്കിന് കള്ളവോട്ടുകളാണ് ചേർത്തതെന്ന് ചെന്നിത്തല ആരോപിച്ചു. ഒരു മണ്ഡലത്തില്‍തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേര് ചേര്‍ത്തിരിക്കുകയാണ്. ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇത് ചെയ്തത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തില്‍തന്നെ നിരവധി തിരിച്ചറിയൽ കാര്‍ഡും നല്‍കിയിട്ടുണ്ട്. കഴക്കൂട്ടം മണ്ഡലത്തില്‍ 4506, കൊല്ലം -2534, തൃക്കരിപ്പൂര്‍- 1436, കൊയിലാണ്ടി-4611, നാദാപുരം- 6171, കൂത്തുപറമ്പ്- 3525, അമ്പലപ്പുഴ- 4750 എന്നിങ്ങനെയാണ് കണ്ടെത്തിയ കള്ളവോട്ടര്‍മാരുടെ എണ്ണം. ഈ അട്ടിമറിക്ക് ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിച്ചിരുന്നെന്നും സംശയിക്കുന്നു.
മുഴുവൻ മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക സൂക്ഷ്മമായി പരിശോധിച്ച് കള്ളവോട്ടുകൾ നീക്കംചെയ്തശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂ. ഗൂഢാലോചന നടത്തിയവരെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും പിടികൂടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.