സുഗതൻ മേസ്തിരിയെ ഉപയോഗിച്ചാണോ പിണറായി മതിൽ പണിയുന്നത്- ചെന്നിത്തല

തിരുവനന്തപുരം: കർസേവ നടത്തിയ സുഗതൻ മേസ്തിരിയെ ഉപയോഗിച്ചാണോ പിണറായി മതിൽ പണിയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുഗതനെ മുഖ്യമന്ത്രി ഇതുവരെയും തള്ളിപ്പറഞ്ഞില്ല. വിഷയത്തിൽ മുഖ്യമന്ത്രി വീണിടത്ത് കടന്ന് ഉരുളുകയും ആ വാദത്തിൽ ഉറച്ചു നിൽക്കുകയുമായിരുന്നു. കർസേവയിൽ പങ്കെടുത്ത മറ്റുള്ളവരെ കൂടി വിളിക്കാമായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൻെറ അജണ്ട തയാറാക്കാനാണ് പിണറായിയുടെ ശ്രമം. അതിന് സർക്കാർ ഫണ്ട് ഉപയോഗിക്കേണ്ട കാര്യമില്ല.

വനിതാ മതിൽ താൻ പൊളിക്കേണ്ട കാര്യമില്ല. ഓരോരുത്തരായി സ്വയം പിന്മാറുന്നുണ്ട്. വനിതാ മതിലിന്ന് ഇപ്പോൾ തന്നെ വിള്ളൽ വീണിരിക്കുന്നു. കേരളത്തിൽ നവോത്ഥാന പ്രവർത്തനങ്ങൾ നടത്തിയത് കോൺഗ്രസാണ്. ചരിത്രത്തെ വളച്ചൊടിക്കാൻ കഴിയുമെങ്കിലും തമസ്കരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയൻെറ പത്രസമ്മേളനത്തിൻെറ പിന്നാലെയായിരുന്നു ചെന്നിത്തലയുടെ വാർത്താസമ്മേളനം.

ന്യൂനപക്ഷ സംഘടനകളെ പരിപാടിയിൽ നിന്ന് മാറ്റി നിർത്തിയാണ് സർക്കാർ നീക്കം. ഇവർക്ക് കേരള നവോത്ഥാനത്തിൽ പങ്കില്ലേ. ന്യൂനപക്ഷത്തിന് പങ്കില്ലെന്ന സംഘ്പരിവാർ വാദം സർക്കാർ ഏറ്റെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരു പള്ളിക്ക് ഒരു പള്ളിക്കുടം എന്ന മുദ്രാവാക്യം ഉയർത്തിയ ചാവറ അച്ഛൻ നവോത്ഥാന ലിസ്റ്റിലില്ലേ?- ചെന്നിത്തല ചോദിച്ചു.

എല്ലാ മത വിഭാഗങ്ങളെയും ഒരുമിച്ചു വേണം നവോത്ഥാന ശ്രമങ്ങൾ നടത്തേണ്ടത്. മക്തി തങ്ങളും ആലി മുസ്ലിയാരും ഇല്ലാതെ കേരളത്തിൻെറ നവോത്ഥാനം എങ്ങനെ യാഥാർഥ്യമാകും. നവോത്ഥാന നായകരെ മുഖ്യമന്ത്രിയാണ് അപമാനിച്ചത്. ആർ.എസ്.എസിനെ കൂടി കൂട്ടി മുഖ്യമന്ത്രി നടത്തുന്ന പ്രശ്നം മാത്രമേ ശബരിമലയിൽ ഉള്ളൂ. ഇന്ന് കേരളത്ത പിറകോട്ട് വലിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു.


Tags:    
News Summary - Ramesh Chennithala -kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.